ഇന്ത്യ - വിയറ്റ്‌നാം ഉഭയകക്ഷി ചർച്ച; പ്രതിരോധ സഹകരണം ശക്തമാക്കും

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിയറ്റ്‌നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ഗിയാങ്ങും | Photo Credit: X/@rajnathsingh
ന്യൂഡൽഹി : ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിയറ്റ്‌നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ഗിയാങ്ങും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായം, സംയുക്ത ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ തീരുമാനമായി.
ഇന്ത്യ-വിയറ്റ്‌നാം എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക പരിശീലനങ്ങൾ, ഉന്നതതല കൈമാറ്റങ്ങൾ എന്നിവയിലുണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സംയുക്ത നിർമാണം, വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകാനും പതിവ് സൈനിക അഭ്യാസങ്ങളും തുറമുഖ സന്ദർശനങ്ങളും വർധിപ്പിക്കാനും ചർച്ചയിൽ ധാരണയായി.
ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയും വളർച്ചയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 'മഹാസാഗർ' (MAHASAGAR) പദ്ധതിക്ക് കീഴിൽ വിയറ്റ്‌നാമുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സമാധാന നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നയതന്ത്രബന്ധം നിലനിർത്തുന്നതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തു പറഞ്ഞു.
പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെയ് രണ്ടാം പകുതിയിൽ രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം സന്ദർശിച്ചേക്കും. സമീപകാലത്തെ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഉണർവാണ് സൂചിപ്പിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് സമൂഹ മാധ്യമത്തിൽ കുറിച്ചു. വരും വർഷങ്ങളിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനും ബന്ധം കൂടുതൽ ദൃഢമാക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുകയാണ്.










0 comments