ഇന്ത്യ യുഎസ്‌ വ്യാപാര ചർച്ചയ്‌ക്ക്‌ തുടക്കം

india us trade meet
avatar
എം പ്രശാന്ത്‌

Published on Mar 27, 2025, 02:52 AM | 1 min read


ന്യൂഡൽഹി : ഏപ്രിൽ രണ്ട്‌ മുതൽ ഇന്ത്യക്കുമേൽ ‘പ്രതികാര തീരുവ’ നടപ്പാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി നിലനിൽക്കെ ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾക്ക്‌ ബുധനാഴ്‌ച തുടക്കമായി. വെള്ളിയാഴ്‌ച വരെ തുടരും.


മദ്യം, മോട്ടോർവാഹനങ്ങൾ, ഇലക്‌ട്രിക്‌ വാഹനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ ഗണ്യമായി കുറയ്‌ക്കണമെന്ന സമർദമാണ്‌ അമേരിക്ക ചെലുത്തുന്നത്‌. തീരുവ കുറയ്‌ക്കലിന്‌ ഇന്ത്യ തയ്യാറായില്ലെങ്കിൽ ഏപ്രിൽ രണ്ട്‌ മുതൽ ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലും ‘പ്രതികാര തീരുവ’ ചുമത്താനാണ്‌ യുഎസ്‌ നീക്കം.


പരസ്‌പരം തീരുവ കുറയ്‌ക്കേണ്ട ഉൽപ്പന്നങ്ങളുടെ പട്ടിക ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയും അമേരിക്കയും കൈമാറും. ചർച്ചയുടെ ആദ്യഘട്ടം സെപ്‌തംബറോടെ പൂർത്തീകരിക്കുമെന്നാണ്‌ പ്രതീക്ഷ. ഉൽപ്പന്നങ്ങളുടെ തീരുവനിരക്കിന്റെ കാര്യത്തിലാകും ആദ്യ ഘട്ടത്തിൽ ധാരണയിൽ എത്തുക.


രണ്ടാം ഘട്ടത്തിൽ വിസ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയാകും പരിഗണിക്കുക. ദക്ഷിണ–-മധ്യേഷ്യൻ മേഖലയുടെ ചുമതലയുള്ള യുഎസ്‌ സഹവ്യാപാര പ്രതിനിധി ബ്രൻഡൻ ലിഞ്ചാണ്‌ അമേരിക്കൻ സംഘത്തെ നയിക്കുന്നത്‌. വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രാജേഷ്‌ അഗർവാളാണ്‌ ഇന്ത്യൻ സംഘത്തലവൻ.


ഇന്ത്യയിലേക്ക്‌ അമേരിക്കൻ ഇറക്കുമതി ചെയ്യുന്ന 50 ശതമാനത്തിലേറെയും ഉൽപ്പന്നങ്ങളുടെ തീരുവനിരക്കുകൾ കുറയ്‌ക്കാൻ വാണിജ്യമന്ത്രാലയം ആലോചിക്കുന്നതായാണ്‌ റിപ്പോർട്ടുകൾ. തീരുമാനം നടപ്പായാൽ ഏതാണ്ട്‌ രണ്ടുലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ തീരുവനിരക്കിൽ ഇന്ത്യയിലേക്ക് ഒഴുകും. കാർഷികമേഖലയെ അടക്കം ഇത്‌ പ്രതികൂലമായി ബാധിക്കും.



deshabhimani section

Related News

0 comments
Sort by

Home