ഇന്ത്യ– യുഎസ് വ്യാപാരചർച്ച ; അധിക തീരുവകൾ വഴിമുടക്കുന്നു

ന്യൂഡൽഹി
വലിയ ട്രക്കുകൾ, പേറ്റന്റുള്ള മരുന്നുകൾ തുടങ്ങി കൂടുതൽ മേഖലകളിൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയതോടെ ഇന്ത്യ– യുഎസ് വ്യാപാര ചർച്ചകൾ വീണ്ടും വഴിമുട്ടുന്ന സ്ഥിതിയിലേക്ക് മാറുന്നു. കൂടുതൽ മേഖലകളിൽ അധിക തീരുവ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഉഭയകക്ഷി വ്യാപാര കരാറിന്റെ പ്രസക്തി എന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യയിൽ നിന്നുള്ള അലുമീനിയം, സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും പിച്ചള ഉൽപ്പന്നങ്ങൾക്കും നേരത്തെ തന്നെ അധിക തീരുവ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും വാഹനഭാഗങ്ങൾക്കും അധിക തീരുവയുണ്ട്.
യുഎസ് സമ്മർദങ്ങൾക്ക് വഴങ്ങി ഉഭയകക്ഷി കരാറിൽ ഏർപ്പെട്ടാലും ഇപ്പോൾ മരുന്നുകൾക്ക് അടക്കം പ്രഖ്യാപിച്ചിട്ടുള്ള അധിക തീരുവയിൽ ട്രംപ് ഭരണകൂടം മാറ്റം വരുത്തില്ല. അതുകൊണ്ടുതന്നെ ഉഭയകക്ഷി കരാർ ഇന്ത്യക്ക് ദോഷം ചെയ്യുന്ന സ്ഥിതിയാകും. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നതടക്കം കടുത്ത ഉപാധികൾ ഇപ്പോൾ തന്നെ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. യുഎസ് ക്രൂഡോയിൽ കൂടുതലായി വാങ്ങണമെന്ന ശാസനയുമുണ്ട്. രാഷ്‌ട്രീയ തീരുമാനം ആവശ്യമായതിനാൽ കഴിഞ്ഞ ദിവസം പൂർത്തിയായ ചർച്ചയിൽ ഇക്കാര്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ഇന്ത്യൻ സംഘം നൽകിയിട്ടില്ല.









0 comments