വ്യാപാര കരാർ ; അതിവേഗം ധാരണയിലെത്താന്‍ ഇന്ത്യയും യുഎസും

ന്യൂഡൽഹി
ഇന്ത്യ, യുഎസ് വ്യാപാര കരാറിൽ എത്രയും വേഗത്തിൽ തീരുമാനമെടുക്കാന്‍ ഡൽഹിയിൽ നടന്ന ചർച്ചയിൽ ധാരണയായെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. കരാറിന്റെ പ്രാധാന്യം കണക്കിലെടുത്തും വിവിധ വശങ്ങൾ പരിഗണിച്ചുമാണ് ചർച്ച പുരോഗമിച്ചതെന്നും പ്രസ്‌താവനയിൽ പറഞ്ഞു. ട്രംപിന്റെ നിർദേശ പ്രകാരം ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യുഎസിന്റെ വ്യാപാര പ്രതിനിധി ബ്രൻഡൺ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച ഇന്ത്യയുടെ വാണിജ്യ വിഭാഗം പ്രത്യേക സെക്രട്ടറി രാകേഷ് അഗർവാളുമായി ചർച്ചകൾ പുനരാരംഭിച്ചത്. ഏഴ് മണിക്കൂർ നീണ്ട ചർച്ച അനുകൂലവും മുന്നോട്ടുപോക്കിന് സഹായമായതുമാണെന്ന് യുഎസ് എംബസി വക്താവ് പുറത്തിറക്കിയ പ്രസ്‌താവനയിലും പറഞ്ഞു. എന്നാൽ, ഒൗപചാരിക ചർച്ച എന്നാണെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലടക്കം ഇന്ത്യക്ക് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധികതീരുവ ആഗസ്ത് 27 മുതൽ നിലവിൽവന്നശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. ആഗസ്‌ത് 25 മുതൽ 29 വരെയുള്ള തീയതികളിൽ നിശ്ചയിച്ചിരുന്ന ചർച്ചയാണ് ചൊവ്വാഴ്‌ച പുനരാരംഭിച്ചത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘത്തെ അമേരിക്കയിലേക്കും ക്ഷണിച്ചിട്ടുണ്ട്. കാര്‍ഷിക വിപണി കൂടി സ്വതന്ത്ര്യമായി തുറന്നുകിട്ടണമെന്നാണ് യുഎസ് നിലപാട്. അതേസമയം ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻകൈ എടുത്തത് ഇന്ത്യയാണെന്ന വാദവുമായി ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റർ നവാരോ രംഗത്തെത്തി. മനോഹരവും അനുരഞ്ജനപരമായതും ക്രിയാത്മകവുമായ ട്വീറ്റ് മോദി പങ്കുവെച്ചെന്നും അതിന് ട്രംപ് മറുപടി നൽകിയെന്നും നവാരോ പറഞ്ഞു.









0 comments