ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ; വസ്‌തുതകള്‍ മറച്ച് കേന്ദ്രം

India Us Trade Agreement
വെബ് ഡെസ്ക്

Published on Aug 11, 2025, 02:29 AM | 2 min read


ന്യൂഡൽഹി

​ഇന്ത്യ– അമേരിക്ക വ്യാപാര കരാർ ചർച്ചകളുടെ യഥാർഥ ചിത്രം കേന്ദ്ര സർക്കാർ മറച്ചുവെക്കുന്നുവെന്ന വിമർശം ശക്തമായി. തീരുവ വിഷയത്തിൽ പരിഹാരം കാണാതെ ഇന്ത്യയുമായി ഒരുതരത്തിലുള്ള വ്യാപാരചർച്ചകളും ഇല്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തീര്‍ത്തു പറഞ്ഞപ്പോഴും അമേരിക്കയുമായുള്ള വ്യാപാരചർച്ച നല്ലരീതിയിൽ പുരോഗമിക്കുന്നുവെന്നാണ്‌ കേന്ദ്ര വാണിജ്യ മന്ത്രി പിയ‍ൂഷ്‌ ഗോയലിന്റെ പ്രതികരണം. വെള്ളിയാഴ്‌ച ബിസിനസ്‌ ടുഡേയുടെ ‘ഇന്ത്യ@100’ ഉച്ചക്കോടിയിലും ഇരുരാജ്യങ്ങൾക്കും ഗുണകരമായ വാണിജ്യകരാർ ഉണ്ടാക്കാൻ കഴിയുമെന്നാണ്‌ പിയൂഷ്‌ഗോയൽ പറഞ്ഞത്‌. അമേരിക്ക ചുമത്തിയ അമിതതീരുവ ഇന്ത്യയിലെ ഉൽപ്പാദകരെയും കയറ്റുമതിക്കാരെയും ബാധിക്കില്ലെന്നും പിയ‍ൂഷ്‌ഗോയൽ അവകാശപ്പെട്ടു‍.


ഇന്ത്യ–അമേരിക്ക വ്യാപാരകരാർ, അമേരിക്കയുടെ അമിത തീരുവ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ വേണമെന്ന്‌ പാർലമെന്റ്‌ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്‌. അമിതതീരുവ രാജ്യത്തിന്റെ സമ്പദ്‌ഘടനയെ ഏത്‌ രീതിയിൽ ബാധിക്കുമെന്നും രാജ്യതാൽപര്യം സംരക്ഷിക്കാൻ സർക്കാർ എന്തെല്ലാം നടപടി സ്വീകരിച്ചെന്നും വിശദീകരിക്കണമെന്നാണ്‌ ആവശ്യം. നിർണായകമായ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനയാണ് വാണിജ്യമന്ത്രി നടത്തുന്നത്‌.


അതേസമയം, ഉരുക്കിനും അലുമിനിയത്തിനും മറ്റും 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക്‌ മറുപടിയായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്‌ പകരംതീരുവ ചുമത്താൻ ഇന്ത്യ നീക്കം തുടങ്ങിയതായി ദേശീയമാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. ഇതിനായി പട്ടിക തയ്യാറാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും നീക്കം തുടങ്ങിയെന്നാണ്‌ റിപ്പോർട്ട്‌.


പ്രതികരണം ദുര്‍ബലം

​അമിതതീരുവ വലിയ തിരിച്ചടിയായിട്ടും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ പേരെടുത്ത്‌ വിമർശിക്കാതെ പരോക്ഷ മറുപടികൾ തുടർന്ന്‌ കേന്ദ്രസർക്കാർ. ‘ഇന്ത്യ അതിവേഗം ലോകത്തെ മൂന്നാമത്തെ സമ്പദ്‌ഘടനയായി വളരുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഇന്ത്യ നിർജീവ സമ്പദ്‌ഘടനയാണെന്ന ട്രംപിന്റെ പരിഹാസത്തിനുള്ള പരോക്ഷ മറുപടിയാണിത്‌. ‘എല്ലാവരുടെയും ബോസാണെന്ന്‌ ഭാവിച്ച്‌ നടക്കുന്ന ചില ശക്തികളെ ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച അലോസരപ്പെടുത്തുന്നുണ്ട്‌. ആ വളർച്ചയുടെ താളം തെറ്റിക്കാനുള്ള ശ്രമത്തിലാണവർ’–പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് പ്രതികരിച്ചു.


ഇന്ത്യയുടെ വളർച്ച അമേരിക്കയ്‌ക്ക്‌ ദഹിക്കുന്നില്ലെന്ന്‌ മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും പറഞ്ഞു. ഇന്ത്യൻ താൽപര്യങ്ങൾ അടിയറവെക്കില്ലെന്നും സമ്മർദങ്ങൾക്ക്‌ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.


കടുത്ത വിധേയത്വം പുലർത്തിയിട്ടും അമിതതീരുവ ചുമത്തിയ അമേരിക്കയുടെ നടപടി മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌. കേന്ദ്രസർക്കാരിന്റെ അമേരിക്കൻ വിധേയത്വവും പ്രഖ്യാപിത വിദേശനയങ്ങളിൽനിന്നുള്ള വ്യതിചലനങ്ങളുമാണ്‌ ഇതിന്‌ കാരണമെന്ന വിമർശം ശക്തമായ സാഹചര്യത്തിലും ശക്തമായ പ്രതികരണത്തിന്‌ പ്രധാനമന്ത്രി അടക്കമുള്ളവർ തയ്യാറാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home