print edition ഇന്ത്യ–യുഎസ് വ്യാപാര കരാർ പ്രഖ്യാപനം ഉടൻ ; ട്രംപിന്റെ തീട്ടൂരങ്ങൾക്ക് വഴങ്ങി മോദി

ന്യൂഡൽഹി
റഷ്യൻ ക്രൂഡോയിൽ കുറയ്‌ക്കണമെന്നതടക്കം അമേരിക്കൻ തീട്ടൂരങ്ങൾക്ക് പൂർണമായും വഴങ്ങിയുള്ള ഉഭയകക്ഷി വ്യാപാര കരാറിന് മോദി സർക്കാർ തയ്യാറെടുക്കുന്നു. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഘട്ടംഘട്ടമായി കുറയ്‌ക്കുക, യുഎസിൽനിന്ന് കൂടുതലായി ക്രൂഡോയിൽ വാങ്ങുക, അമേരിക്കയിൽനിന്ന് ചോളവും സോയാബീനുമടക്കമുള്ള കാർഷികോൽപ്പന്നങ്ങൾ കൂടുതൽ ഇറക്കുമതി ചെയ്യുക, ആയുധങ്ങളടക്കം പ്രതിരോധ ഉപകരണങ്ങളും ആണവറിയാക്‌ടറുകളും വാങ്ങുക തുടങ്ങിയ കൽപ്പനകളാണ് മോദി സർക്കാർ അംഗീകരിക്കാൻ ഒരുങ്ങുന്നത്. പകരമായി ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 15–16 ശതമാനത്തിലേക്ക് ചുരുക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാഗ്‌ദാനം.
കോലാലംപുരിൽ വെള്ളിയാഴ്‌ച തുടങ്ങുന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യ– യുഎസ് വ്യാപാര കരാർ പ്രഖ്യാപനമുണ്ടാകുമെന്ന് ചില ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിലേക്ക് മോദിക്കും ക്ഷണമുണ്ട്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 50 ശതമാനം പ്രതികാര തീരുവ ചുമത്തിക്കൊണ്ടാണ് മോദി സർക്കാരിനെ ട്രംപ് ഭരണകൂടം വരുതിയിലാക്കിയത്. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തിയും ആഭ്യന്തര വിപണി ശക്തിപ്പെടുത്തിയും അമേരിക്കയുടെ പ്രതികാര തീരുവ നേരിടുന്നതിന് പകരം യുഎസ് താൽപ്പര്യങ്ങൾക്ക് വഴങ്ങുകയെന്ന എളുപ്പവഴിയാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.









0 comments