ad
Deshabhimani

ഇന്ന്‌ തുടങ്ങേണ്ട വ്യാപാര ചർച്ച മാറ്റി

print edition അനിശ്‍ചിതത്വം ; ഇന്ത്യ സംഘത്തിന്റെ യുഎസ് യാത്ര റദ്ദാക്കി

farmers protest against India Us Trade Agreement
വെബ് ഡെസ്ക്

Published on Feb 23, 2026, 04:10 AM | 2 min read


ന്യൂഡൽഹി

പ്രതികാരച്ചുങ്കം റദ്ദാക്കിയ അമേരിക്കൻ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി മറികടക്കാന്‍ വളഞ്ഞവഴിയില്‍, പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌

ആഗോള തീരുവ കൂട്ടുന്നത് തുടരുന്നതോടെ ഇന്ത്യ–യുഎസ്‌ ഇടക്കാല വ്യാപാര കരാറിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിൽ. ചട്ടക്കൂടുകൾ അന്തിമമാക്കി കരാറിലേക്ക്‌ നീങ്ങുന്നതിന്‌ തിങ്കൾ മുതൽ മൂന്നുദിവസത്തേയ്‌ക്ക്‌ നിശ്ചയിച്ചിരുന്ന യോഗം മാറ്റി.


ഇതിനായുള്ള ഇന്ത്യൻ സംഘത്തിന്റെ അമേരിക്കൻ സന്ദർശനം കേന്ദ്ര വാണിജ്യമന്ത്രാലയം റദ്ദാക്കി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. മാറിയ സാഹചര്യം പഠിക്കുകയാണെന്നാണ്‌ വിധിയെ തുടർന്നുണ്ടായ സംഭവ വികാസങ്ങളോട്‌ കേന്ദ്രസർക്കാർ പ്രതികരിച്ചത്‌.


അമേരിക്കൻ താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന വ്യാപാര കരാറിന്റെ ചട്ടക്കൂട്‌ സമ്മർദങ്ങൾക്ക്‌ വഴങ്ങി കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. കരാറിന്റെ അന്തിമ രൂപരേഖയിൽ ബുധനാഴ്‌ചക്കുള്ളിൽ തീരുമാനമെടുത്ത്‌ ഏപ്രിൽ ഒന്നുമുതൽ നടപ്പിൽ വരുത്താനുള്ള നീക്കത്തിനിടെയാണ്‌ ട്രംപിന്‌ പ്രഹരമേറ്റ കോടതി വിധിയുണ്ടായത്‌. ഇ‍ൗ ഘട്ടത്തിലും, ഇന്ത്യക്കുമേൽ അടിച്ചേൽപ്പിച്ച തീരുവ തുടരുമെന്ന സൂചനകളാണുണ്ടാകുന്നത്‌. സുപ്രീംകോടതി വിധിയെ തുടർന്ന്‌ 10 ശതമാനമാക്കിയ ആഗോള ഇറക്കുമതി തീരുവ കഴിഞ്ഞ ദിവസം 15 ശതമാനമാക്കി ട്രംപ്‌ വർധിപ്പിച്ചു. 150 ദിവസംവരെ ഇത്‌ തുടരാൻ പ്രസിഡന്റിന്‌ അധികാരമുണ്ട്‌. തുടർന്ന്‌ കോൺഗ്രസിന്റെ അനുമതിയോടെ നീട്ടാം. മാത്രമല്ല, കോടതി റദ്ദാക്കിയതിന്‌ പുറത്ത്‌ വിവിധ മാർഗങ്ങളിൽ തീരുവ കൂട്ടാനുമാകും.


അതേസമയം, മാറിയ സാഹചര്യം അവസരമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നില്ലെന്ന വിമർശവും ശക്തമായി. രാജ്യതാൽപ്പര്യം ബലികഴിക്കുന്ന കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കാനോ കരാർ തന്നെ വേണ്ടെന്നുവെയ്‌ക്കാനോ സാധ്യത തേടാന്‍ ഇപ്പോള്‍ അവസരമുണ്ട്.


പ്രതിപക്ഷ പാർടികളടക്കം ഇ‍ൗ ആവശ്യം ഉന്നയിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തണമെന്ന പ്രധാന ഉപാധിക്ക്‌ വഴങ്ങിയതിന്‌ പുറമേ 50000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതിയും ചെയ്യേണ്ടിയുംവരും. അമേരിക്കൻ കാർഷികോൽപ്പന്നങ്ങളുടെ അമിതമായ തള്ളിക്കയറ്റം ആഭ്യന്തര കർഷകരെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും അവഗണിച്ചായിരുന്നു കരാറിന്‌ കേന്ദ്രം സമ്മതം മൂളിയത്‌. എന്നാല്‍, വിഷയത്തില്‍ അമിതവിധേയം പുലര്‍ത്തുന്ന സമീപനമാണ് മോദിസര്‍ക്കാരിന്റേത്.


കരാർ പുനഃപരിശോധിക്കാൻ 
സുവർണാവസരം: ജിടിആർഐ

ട്രംപിന്റെ താരിഫ്‌ യുദ്ധത്തിന്‌ മൂക്കുകയറിട്ട സുപ്രീംകോടതി വിധി ഇന്ത്യക്ക്‌ ലഭിച്ച അവസരമാണെന്നും തിടുക്കപ്പെട്ട്‌ കരാർ ഒപ്പുവെയ്‌ക്കരുതെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ). ആഗോള വ്യാപാര ഭൂപ്രകൃതിയിൽ തകിടം മറിച്ചിലുകൾ സൃഷ്‌ടിച്ച വിധിയുടെ ചുവട്‌ പിടിച്ച്‌ കരാർ വ്യവസ്ഥകളിൽ ഇന്ത്യക്ക്‌ പുനഃപരിശോധന നടത്താനാകുമെന്ന്‌ അന്താരാഷ്‌ട്ര വ്യാപാര ബന്ധങ്ങൾ നിരീക്ഷിക്കുന്ന സംഘടനയുടെ റിപ്പോർട്ടിൽ പറഞ്ഞു.​


ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച തീരുവയുടെ യുക്തിയാണ്‌ കോടതി വിധിയിലൂടെ ദുർബലമാക്കപ്പെട്ടത്‌. 10 ശതമാനം താരിഫ്‌ നിരക്കിനുപോലും നിയമപരമായ വെല്ലുവിളിയുണ്ട്‌. നിലവിലെ സാചര്യത്തിൽ ഏറ്റവും സ‍ൗഹൃദ രാജ്യങ്ങൾക്കുള്ള താരിഫ്‌ നിരക്കാണ്‌ ഇന്ത്യക്കുമുള്ളത്‌. സ്‌റ്റീൽ, അലുമിനിയം കയറ്റുമതിക്ക്‌ 50 ശതമാനവും ഓട്ടോമൊബൈൽ ഭാഗങ്ങൾക്ക്‌ 25 ശതമാനവും താരിഫ്‌ തുടരുമെങ്കിലും അമേരിക്കയിലേയ്‌ക്കുള്ള ഇന്ത്യയുടെ ബാക്കി 55 ശതമാനം കയറ്റുമതിയും ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച 25 ശതമാനം നിരക്കിൽ നിന്ന്‌ മോചിതമാക്കപ്പെടും. ഇത്‌ ഹ്രസ്വകാലത്തേയ്‌ക്ക്‌ എങ്കിലും ഗുണമാകും.


ഫെബ്രുവരിയിലെ സംയുക്ത പ്രസ്‌താവയിൽ പറഞ്ഞുപോലെ 18 ശതമാനമാക്കിയ താരിഫ്‌ ഇതുവരെയും പ്രാബല്യത്തിലായിട്ടില്ല. നിലവിൽ ഒരു വ്യാപാര കരാറും ഇല്ലാത്ത മറ്റ്‌ രാജ്യങ്ങൾക്കുള്ളതിന്‌ സമാനമായ 10 ശതമാനം താരിഫാണ്‌ ഇന്ത്യക്കുമുള്ളത്‌. അതിനാൽ കരാർ തന്നെ അപ്രസക്തമാണ്‌.


ഏതെങ്കിലും രാജ്യം താരിഫ്‌ നിരക്കുകളിൽ മാറ്റംവരുത്തിയാൽ മറ്റേ രാജ്യത്തിന്‌ അതിന്റെ പ്രതിബന്ധതയിൽ മാറ്റം വരുത്താമെന്ന്‌ സംയുക്ത പ്രസ്‌താവന സ്വാതന്ത്ര്യം നൽകുന്നു. നിലവിലെ അമേരിക്കയുടെ താരിഫ്‌ മാറ്റം പരിഗണിച്ച്‌ ഇന്ത്യക്ക്‌ കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കാനോ പുതിയ നിബന്ധനകൾ വെയ്‌ക്കാനോ നിയമപരമായ തടസ്സമില്ലെന്നും റിപ്പോർട്ട്‌ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home