print edition യുഎസിന് വഴങ്ങി മോദി ; വ്യാപാരചർച്ച വേഗത്തിലായി

ന്യൂഡൽഹി
ട്രംപ് ഭരണകൂടത്തിന്റെ തീട്ടൂരത്തിന് അനുസൃതമായി റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് കുറയ്‌ക്കാമെന്ന ഉറപ്പ് മോദി സർക്കാർ നൽകിയതോടെ ഇന്ത്യ– യുഎസ് വ്യാപാര ചർച്ചകൾക്ക് വീണ്ടും വേഗമേറി. ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എല്ലാ വിഷയങ്ങളിലും ഇരുകൂട്ടരും ഏറെകുറേ ധാരണയായി കഴിഞ്ഞു. കരാറിനോട് വളരെ അടുക്കുകയാണ്– അഗർവാൾ പറഞ്ഞു.
വാണിജ്യമന്ത്രാലയ വൃത്തങ്ങളും ചർച്ച അന്തിമഘട്ടത്തില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയുടെയും യുഎസിന്റെയും ഉദ്യോഗസ്ഥർ പതിവായി ഓൺലൈൻ ചർച്ച നടത്തുന്നുണ്ട്. തീരുവയിതര വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് ഓൺലൈൻ ചർച്ച. വ്യാപാര കരാറിന്റെ കരടിന് രൂപം നൽകി തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും പ്രത്യേകമായ തടസ്സങ്ങൾ ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല– മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയും യുഎസും സമഗ്രമായ വ്യാപാരകരാറിൽ ഏർപ്പെടുമെന്ന് ഫെബ്രുവരിയിൽ മോദിയും ട്രംപും ചേർന്ന് പ്രഖ്യാപിക്കുകയായിരുന്നു. നവംബറോടെ കരാറിൽ എത്തിചേരുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ചർച്ചകൾക്ക് തടസ്സമായി. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടമായി 50 ശതമാനം പ്രതികാര തീരുവയും ഇന്ത്യക്കുമേൽ ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുന്നതിനായി തുടർന്നും പലരീതിയിൽ സമ്മർദങ്ങൾ തുടർന്നു. റഷ്യൻ എണ്ണ കമ്പനികൾക്കുമേൽ കഴിഞ്ഞ ദിവസം ഉപരോധം കൂടി പ്രഖ്യാപിച്ചതോടെ യുഎസ് നിബന്ധനകൾക്ക് പൂർണമായും വഴങ്ങാൻ മോദി സർക്കാർ തീരുമാനിക്കുകയായിരുന്നു.









0 comments