print edition മുട്ടിലിഴഞ്ഞ് മോദി സർക്കാർ ; യുഎസിനു കീഴടങ്ങി പ്രതിരോധ സഹകരണ കരാർ

എം പ്രശാന്ത്
Published on Nov 01, 2025, 05:00 AM | 1 min read
ന്യൂഡൽഹി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ തീരുവഭീഷണിക്ക് മുന്നിൽ കീഴടങ്ങിയതിനു പിന്നാലെ അമേരിക്കയുമായി പ്രതിരോധ സഹകരണ കരാറും ഒപ്പിട്ട് മോദി സർക്കാർ. അമേരിക്കയെ കൂസാതെ മുന്നോട്ടുനീങ്ങിയ ചൈനയ്‌ക്ക് മുന്നിൽ ട്രംപിന് അയയേണ്ടി വന്നപ്പോൾ യുഎസിന്റെ ശാസനകൾ അംഗീകരിച്ച് മുട്ടിലിഴയുകയാണ് കേന്ദ്രം. ക്വലാലംപുരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് കരാറൊപ്പിട്ടത്. സാങ്കേതിക സഹകരണം, ഏകോപനം, വിവരം പങ്കുവയ്‌ക്കല്‍ എന്നിവയില്‍ സഹകരണം ഉറപ്പുവരുത്തുന്ന 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂട് കരാറാണ് ഒപ്പുവച്ചത്.
ഇന്ത്യയെ പൂർണമായും അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റുന്നതാണ് കരാർ. ട്രംപ് സർക്കാർ ചുമത്തിയ അമ്പത് ശതമാനം തീരുവ ഏതുവിധേനയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സമുദ്ര മേഖലയിലടക്കം അമേരിക്കയ്‌ക്ക് വലിയ മേൽക്കൈ ലഭിക്കുംവിധമുള്ള പ്രതിരോധ കരാറിൽ മോദി സർക്കാർ ഒപ്പുവച്ചത്. റഷ്യൻ ക്രൂഡോയിൽ ഒഴിവാക്കുക, യുഎസിൽനിന്ന് കൂടുതൽ കാർഷികോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുക, ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നത് വർധിപ്പിക്കുക തുടങ്ങി ട്രംപ് സർക്കാർ മുന്നോട്ടുവച്ച മറ്റ് ഉപാധികളെല്ലാം പാലിക്കുന്നതിനൊപ്പമാണ് പ്രതിരോധ കരാറിലും ഒപ്പുവച്ചത്.
ചൈനയോടും ഇന്ത്യയോടും ട്രംപ് സർക്കാർ സ്വീകരിക്കുന്ന വ്യത്യസ്‌ത സമീപനം രാജ്യത്തെ നിലവിലെ ഭരണനേതൃത്വം എത്രമാത്രം ദുർബലപ്പെട്ടുവെന്നതിന് ഉദാഹരണമാണ്. റഷ്യൻ ക്രൂഡോയിൽ ഒഴിവാക്കണമെന്ന് ഇന്ത്യയോട് കർക്കശമായി നിർദേശിക്കുന്ന ട്രംപ്, ചൈനയ്‌ക്ക് മുമ്പാകെ അത്തരമൊരു നിബന്ധന വയ്‌ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യക്കുമേൽ അമ്പത് ശതമാനം പ്രതികാരത്തീരുവ അടിച്ചേൽപ്പിച്ച യുഎസ്‌ചൈനയുടെ ക്രൂഡോയിൽ ഇറക്കുമതി കണ്ടില്ലെന്ന് നടിക്കുകയാണ്.
പാകിസ്ഥാനിലെ ഭരണനേതൃത്വവുമായി അടുത്ത സൗഹൃദം പുലർത്തിയാണ് ട്രംപ് സർക്കാർ ഇന്ത്യക്കുമേൽ ഉപാധികൾ അടിച്ചേൽപ്പിക്കുന്നത്. പ്രതിരോധമടക്കം പല കാര്യങ്ങളിലും മോദി സർക്കാരിന് പേരിന് പോലും ചെറുത്തുനിൽപ്പ് സാധ്യമാകുന്നില്ല. വ്യാപാര ചർച്ചകളും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് പുരോഗമിക്കുന്നത്.









0 comments