രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; സ്റ്റാറ്റിസ്റ്റിക്സ് സർവേ റിപോർട്ട്

പ്രതീകാത്മക ചിത്രം (Photo Credit - Financial Express)
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ തകർക്കുന്നു. 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 5.1 ശതമാനമായി വർധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തയ്യാറാക്കിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, ഫെബ്രുവരിയെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കിൽ 0.2 ശതമാനത്തിന്റെ വർധനവുണ്ടായി.
നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മയാണ് ഈ വർധനവിന് പ്രധാന കാരണമായത്. മുൻ മാസങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മയിൽ ഉണ്ടായ ഈ വർധനവ് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാണെന്ന് തെളിയിക്കുന്നതാണ്.
രാജ്യത്തെ യുവജനങ്ങൾക്ക് പ്രതിവർഷം രണ്ട് കോടി തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ മോദി സർക്കാർ പത്ത് വർഷം പിന്നിടുമ്പോഴും തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ തൊഴിൽ പ്രതിസന്ധി രൂക്ഷമാണ്. സ്ഥിര നിയമനങ്ങൾ വെട്ടിക്കുറക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ധനവില വർധനവും കാരണം വ്യവസായ മേഖല തകർച്ച നേരിടുമ്പോൾ തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. നിർമാണ മേഖലയിലും സേവന മേഖലയിലും തൊഴിലവസരങ്ങൾ വൻതോതിൽ കുറഞ്ഞു. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനാളുകളാണ് ജോലിയില്ലാതെ വലയുന്നത്.
കേന്ദ്രത്തിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ കാരണം രാജ്യം വലിയൊരു തൊഴിൽ ദൗർലഭ്യത്തിലേക്കാണ് നീങ്ങുന്നത്. വരും മാസങ്ങളിലും ഈ നിരക്ക് വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നോയിഡ പോലുള്ള ഒരു വാണിജ്യ നഗരത്തിൽ വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്.









0 comments