പശ്ചിമേഷ്യൻ സംഘർഷം; യുഎസിന് വിധേയപ്പെടുന്ന ഇന്ത്യയുടെ വിദേശനയം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ആളിക്കത്തിക്കുന്ന യുദ്ധത്തീയിലേക്ക് ഇന്ത്യയെയും വലിച്ചിഴയ്ക്കാൻ നീക്കം സജീവം. മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഇരട്ടത്താപ്പാണ് ഇന്ത്യയെ ഇപ്പോൾ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്.
യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന അമേരിക്കൻ നിരീക്ഷകന്റെ വെളിപ്പെടുത്തലും, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ കപ്പൽ തകർക്കപ്പെട്ടതും രാജ്യത്തിന്റെ
നയതന്ത്രാധികാരത്തിന് മേലുള്ള വെല്ലുവിളിയാവുകയാണ്.
ബഹ്‌റൈനിലെയും ഒമാനിലെയും താവളങ്ങൾ തകർന്നതിനാൽ യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കുന്നുണ്ടെന്ന മുൻ പെന്റഗൺ ഉപദേഷ്ടാവ് ജോർജ്ജ് മക്ഗ്രെഗറുടെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാർ തള്ളിയെങ്കിലും ആശങ്ക ഒഴിയുന്നില്ല. 2016ൽ ഒപ്പിട്ട 'ലെമോവ' കരാർ പ്രകാരം സൈനിക ലോജിസ്റ്റിക്സ് സഹായം നൽകാൻ ഇന്ത്യ ബാധ്യസ്ഥരാണ്. അതിനാൽ തന്നെ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തിയാൽ ഇന്ത്യക്ക് വഴങ്ങേണ്ടി വരും. ഇത് ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെ തകർക്കുമെന്നുറപ്പാണ്.
വിശാഖപട്ടണത്ത് ഇന്ത്യൻ നാവികസേനയുമായി ചേർന്ന് അഭ്യാസം നടത്തി മടങ്ങുകയായിരുന്ന ഇറാന്റെ 'ഐആർഐഎസ് ദേന' എന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് തകർക്കപ്പെട്ടത് ഇന്ത്യയുടെ സുരക്ഷാ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നു. തൊട്ടടുത്ത് യുഎസ് മുങ്ങിക്കപ്പലുകൾ തമ്പടിച്ചിരിക്കുന്നത് ഇന്ത്യ അറിഞ്ഞില്ലെന്നത് രാജ്യത്തിന്റെ രഹസ്യാന്വേഷണ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഒരു ശത്രുകപ്പലിനെ അമേരിക്ക തകർക്കുന്നത് ഇതാദ്യമാണ്.
ചരക്ക് നീക്കത്തെയും പ്രവാസികളെയും ബാധിക്കുന്ന യുഎസ് ഇസ്രായേൽ - ഇറാൻ സംഘർഷം ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലും അമേരിക്കൻ പക്ഷത്താണെന്ന് പറയാതെ പറയുകയാണ് ഇന്ത്യ.
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബ്രിക്സ് രാജ്യങ്ങളുടെ അടിയന്തര ഇടപെടൽ തേടുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള വഴിയെന്നാണ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ നയതന്ത്ര സ്വയംഭരണവും, പരമാധികാരവും അമേരിക്കക്ക് അടിയറവുവയ്ക്കാതെ സമാധാന ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ഇന്ത്യ തയ്യാറാകേണ്ടതുണ്ട്. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്താതെയുള്ള തീരുമാനങ്ങളാണ് കേന്ദ്രം കൈക്കൊള്ളേണ്ടത്. എന്നിരുന്നാലും, ഇന്ത്യ ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങുമോ അതോ തള്ളിക്കളയുമോ വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്.










0 comments