ad
Deshabhimani

print edition അമേരിക്കയെ പേടിച്ച്‌ മോദി സർക്കാരിന്റെ പിൻമാറ്റം; ഇറാനിലെ തുറമുഖം കൈയൊഴിയുന്നു

trump and modi
avatar
എം അഖിൽ

Published on Apr 27, 2026, 02:02 AM | 2 min read

ന്യൂഡൽഹി: ​അമേരിക്കൻ ഉപരോധവും തീരുവയും ഭയന്ന്‌ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം മോദി സർക്കാർ കൈയൊഴിയുന്നു. ഇത്‌ ഇന്ത്യയുടെ പ്രതിരോധ, സാന്പത്തിക, നയതന്ത്ര, വ്യാപാര താൽപര്യങ്ങൾക്ക്‌ കനത്തതിരിച്ചടിയാകും. തുറമുഖ പദ്ധതിക്കുള്ള ഉപരോധത്തിന്‌ അമേരിക്ക നൽകിയ ഇളവ്‌ ഞായറാഴ്‌ച അവസാനിച്ചതിനാൽ, ഇന്ത്യ പോർട്സ്‌ ഗ്ലോബൽ ലിമിറ്റഡിന്റെ അനുബന്ധ കന്പനിയുടെ കൈവശമുള്ള ഓഹരികൾ ഇറാനിയൻ കന്പനിക്ക്‌ കൈമാറി കളമൊഴിയാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമം.


പാകിസ്ഥാനെ ഒഴിവാക്കി അഫ്‌ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും നേരിട്ടുള്ള വ്യാപാരമാർഗം യാഥാർഥ്യമാക്കുന്ന ചബഹാർ പദ്ധതി കൈയൊഴിയുന്നത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പാകിസ്ഥാന്റെ ഗ്വാദർ തുറമുഖത്തുനിന്ന് 170 കിലോമീറ്റർ മാത്രം അകലെയുള്ള ചബഹാറിൽ നിലയുറപ്പിച്ചാൽ ഇന്ത്യക്ക്‌ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനും അറേബ്യൻ സമുദ്രത്തിൽ നിരീക്ഷണത്തിനും സാധിക്കും.


പാക്‌ ഇടപെടലുകൾ ഒഴിവായ സമാന്തര ചരക്കുഗതാഗത പാതയെന്നതിന്‌ പുറമേ മധ്യേഷ്യയിലേക്കുള്ള പ്രവേശനകവാടമെന്ന നിലയിലും ചബഹാറിന്‌ വലിയ പ്രസക്തിയുണ്ട്‌. എണ്ണസന്പുഷ്ടമായ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയുടെ ഉ‍ൗർജസുരക്ഷയ്‌ക്ക്‌ നിർണായകമാണ്‌. ഇന്ത്യ, ഇറാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ്‌ രാജ്യങ്ങൾക്കിടയിലെ ചരക്കുഗതാഗതം സുഗമമാക്കാൻ രൂപകൽപ്പന ചെയ്‌ത 7,200 കിലോമീറ്റർ ചരക്കുഗതാഗത പാതയായ ‘അന്താരാഷ്ട്ര വടക്ക്‌– തെക്ക്‌ ഗതാഗത ഇടനാഴി’യുടെ മർമകേന്ദ്രം കൂടിയാണ്‌ ചബഹാർ തുറമുഖം. ഇടനാഴി യാഥാർഥ്യമായാൽ ഇന്ത്യയും റഷ്യയുമായുള്ള ഗതാഗത സമയം 40 ശതമാനവും ഗതാഗത ചെലവ്‌ 30 ശതമാനവും കുറയും. ഇടനാഴിയുടെ പ്രധാനകേന്ദ്രമായ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം കൈയൊഴിയുന്നതിലൂടെ ഇ‍ൗ പദ്ധതിയുടെ ഭാവി ഗുണഫലങ്ങൾ കൂടി ഇന്ത്യക്കും നഷ്‍ടമാകുമെന്ന ആശങ്ക
യുണ്ട്.


​നയതന്ത്ര തിരിച്ചടി


ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തി ഒരു അന്താരാഷ്ട്ര തുറമുഖത്തിന്റെ തന്ത്രപരമായ സ്വയംഭരണാധികാരം കൈയാളുകയെന്നത്‌ ഇന്ത്യയുടെ ശ്രദ്ധേയമായ നയതന്ത്ര നീക്കമായിരുന്നു. ചബഹാർ തുറമുഖത്തിലെ ടെർമിനൽ വികസിപ്പിക്കൽ അടക്കം പദ്ധതിക്കായി ആകെ 4,000 കോടി രൂപയോളം ഇന്ത്യ ഇതിനോടകം ചെലവിട്ടിട്ടുണ്ട്‌. എന്നാൽ അമേരിക്കൻ ഉപരോധ പശ്‌ചാത്തലത്തിൽ 2026–27 ബജറ്റിൽ പദ്ധതിക്കായി ഒന്നും വകയിരുത്തിയില്ല.


അമേരിക്കൻ സമ്മർദങ്ങൾക്ക്‌ കീഴടങ്ങി ചബഹാർ കൈയൊഴിയുന്നതോടെ ഇറാനുമായും റഷ്യയുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിനും സാരമായ പോറലുകളേൽക്കാനുള്ള സാധ്യതയുണ്ടെന്ന്‌ നയതന്ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ്‌ പ്രതിസന്ധി ഇന്ത്യയുടെ ഉ‍ൗർജസുരക്ഷ അപകടത്തിലാക്കിയ സാഹചര്യത്തിൽ ചബഹാര്‍ വിട്ടുകളയുന്നത് കടുത്ത വെല്ലുവിളിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home