ചൈനയടക്കം അയൽരാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപ ചട്ടങ്ങളിൽ ഇളവുമായി ഇന്ത്യ

പ്രതീകാത്മ ചിത്രം
ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപ ചട്ടങ്ങളിലാണ് ചൊവ്വാഴ്ച ഇളവു കൊണ്ടുവന്നത്. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2020ൽ പുറത്തിറക്കിയ മൂന്നാമത്തെ പത്രക്കുറിപ്പിൽ ഭേദഗതി വരുത്തിയാതായും കേന്ദ്രം അറിയിച്ചു.
ഈ വാർത്താക്കുറിപ്പ് പ്രകാരം അയൽരാജ്യങ്ങളിലെ ഓഹരിയുടമകളായ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഏതെങ്കിലും മേഖലയിൽ നിക്ഷേപം നടത്തുന്നതിന് സർക്കാറിന്റെ നിർബന്ധിത അനുമതി ആവശ്യമായിരുന്നു. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഭൂട്ടാൻ, നേപാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കായിരുന്നു ചട്ടം ബാധകമായിരുന്നത്.
ഇന്ത്യയിലേക്കുള്ള ആകെ വിദേശ നിക്ഷേപത്തിൽ 2000 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 0.32 ശതമാനം അഥവാ 2.51 ബില്യൺ ഡോളറോടെ ചൈന 23ാം സ്ഥാനത്താണ്.
2020 ജൂണിൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാരമായി വഷളായി. പതിറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും നേരിട്ട ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. ഈ സംഘർഷത്തെ തുടർന്ന്
ടിക് ടോക്, വീ ചാറ്റ്, യു സി ബ്രൗസർ എന്നിവയടക്കം ചൈനയുടെ ഇരുനൂറോളം ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് കുറഞ്ഞ അളവിൽ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പലമടങ്ങ് വർധിച്ചു. മാത്രമല്ല, ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ചൈന മാറുകയും ചെയ്തു.
2023-24 സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 16.66 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ 14.25 ബില്യൺ ഡോളറായി കുറഞ്ഞു. അതേസമയം 2023-24 സാമ്പത്തിക വർഷത്തിൽ 101.73 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി 2024-25 വർഷത്തിൽ 113.45 ഡോളറായി വർധിച്ചു. വ്യാപാരക്കമ്മി 2023-24 വർഷത്തിലെ 85 ബില്യൺ ഡോളറിൽ നിന്ന് 2024-25 വർഷത്തിൽ 99.2 ബില്യൺ ഡോളറായി വർധിച്ചു.
2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ - ഡിസംബർ കാലയളവിൽ, ചൈനയിലേക്കുള്ള കയറ്റുമതി 38.37 ശതമാനം വർധിച്ച് 15.88 ബില്യൺ ഡോളറായിട്ടുണ്ട്. ഒരേസമയം ഇറക്കുമതി 13.82 ശതമാനം വർധനവോടെ 108.18 ബില്യൺ ഡോളറിലും വ്യാപാരക്കമ്മി 92.3 ബില്യൺ ഡോളറിലുമാണ്.










0 comments