ഇന്ത്യയും പാകിസ്ഥാനും ആണവ വിവരങ്ങളുടെ പട്ടിക പരസ്പരം കൈമാറി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും ആണവ സ്ഥാപനങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ഇരു രാജ്യങ്ങളും തമ്മിൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് വിലക്കുന്ന ഉഭയകക്ഷി കരാറിന്റെ ഭഗമായാണ് നടപടി.
എല്ലാവർഷവും ജനുവരി ഒന്നിനാണ് കരാർ പ്രകാരമുള്ള കൈമാറ്റം നടത്തുന്നത്. മെയ് മാസത്തിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ നാല് ദിവസത്തെ സൈനിക സംഘർഷം ഉടലെടുത്തു. ഇതിന് ശേഷം പരസ്പര ബന്ധം സുഗമമല്ലാത്ത സാഹചര്യമാണ്. എങ്കിലും പട്ടിക കൈമാറ്റം പതിവ്പോലെ തുടർന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര ചാനലുകൾ വഴിയാണ് കൈമാറ്റം നടത്തിയത്.
1988 ഡിസംബർ 31 ന് ഒപ്പുവച്ച ധാരണ പ്രകാരമാണ് ആണവ വിവരങ്ങൾ കൈമാറി വരുന്നത്. 1991 ജനുവരി 27 ന് ഈ കരാർ പ്രാബല്യത്തിലായത് മുതൽ തുടരുന്നു. ഇരു രാജ്യങ്ങളും എല്ലാ വർഷവും ഒന്നാം തീയതി തങ്ങളുടെ ആണവ സ്ഥാപനങ്ങളെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറണം എന്നാണ് കരാർ വ്യവസ്ഥ.
തുടർച്ചയായ 34-ാമത്തെ കൈമാറ്റമാണ് ഈ വർഷം നടന്നത്. ആദ്യത്തേത് 1992 ജനുവരി 1 ന് ആയിരുന്നു.
ഇതോടൊപ്പം 2008 ലെ ഉഭയകക്ഷി കോൺസുലാർ ആക്‌സസ് കരാറിലെ വ്യവസ്ഥകൾ പ്രകാരം ഇരു രാജ്യങ്ങളും തങ്ങളുടെ കസ്റ്റഡിയിലുള്ള സിവിൽ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടികയും പരസ്പരം കൈമാറി വരുന്നു.
ഇന്ത്യ 391 സിവിൽ തടവുകാരുടെയും കസ്റ്റഡിയിലുള്ള 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക പങ്കിട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതുപോലെ പാകിസ്ഥാൻ 58 സിവിൽ തടവുകാരുടെയും കസ്റ്റഡിയിലുള്ള 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക പങ്കിട്ടിട്ടുണ്ട്.











0 comments