പാക് പൗരൻമാരുടെ മെഡിക്കൽ വിസയും തീർന്നു ; കേന്ദ്രം പറഞ്ഞാൽ നടപടിയെന്ന് സംസ്ഥാനങ്ങൾ

ഇന്ത്യയില്‍ ജനിച്ച കുഞ്ഞിനെ ഒപ്പം കൂട്ടാനാകാതെ അതിര്‍ത്തി കടക്കേണ്ടിവരുന്ന പാക് യുവതിയുടെ വിലാപം. പഞ്ചാബിലെ വാഗ അട്ടാരി അതിര്‍ത്തിയിലെ കാഴ്ച
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലെ പാക് പൗരൻമാർക്ക് രാജ്യം വിടാൻ കേന്ദ്രസർക്കാർ നൽകിയ കാലാവധി ചൊവ്വാഴ്‌ച്ച തീര്‍ന്നു. മെഡിക്കൽ വിസയുള്ളവർ ബുധനാഴ്‌ച്ചയ്‌ക്കുള്ളിൽ രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഹ്രസ്വകാല വിസകളുടെ കാലാവധി ഞായറാഴ്‌ച്ച തീര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പാക്‌പൗരൻമാർ അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് മടങ്ങി. എന്നാൽ, രാജ്യം വിടാതെ നിരവധി പേർ ഇപ്പോഴും തുടരുന്നുണ്ട്. ഇവരുടെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ തുടർനടപടിയെടുക്കും. ചൊവ്വാഴ്‌ച്ചയും അട്ടാരി അതിർത്തിയിലൂടെ നൂറുകണക്കിന് ആളുകൾ പാകിസ്ഥാനിലേക്ക് മടങ്ങി. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയാണെന്നും ഇന്ത്യ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മടങ്ങിയവരിൽ ചിലർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹ്രസ്വകാല വിസയുടെ കാലാവധി തീർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ 537 പാക് പൗരൻമാർ അട്ടാരി അതിർത്തിയിലൂടെ ഇന്ത്യ വിട്ടിരുന്നു. അതേസമയം, പാകിസ്ഥാനിൽ നിന്നും 850 ഇന്ത്യക്കാർ തിരിച്ചെത്തി. ഞായറാഴ്‌ച്ച മാത്രം 116 ഇന്ത്യക്കാർ തിരിച്ചെത്തിയെന്നാണ് കണക്ക്.










0 comments