ചർച്ച തുടങ്ങി കേന്ദ്രം, ക്ഷീരമേഖലയിൽ ആശങ്ക ; ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ

റിതിൻ പൗലോസ്
Published on Mar 17, 2025, 02:50 AM | 1 min read
ന്യൂഡൽഹി : ക്ഷീരമേഖലയ്‌ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക അവഗണിച്ച് സാമ്പത്തിക സഹകരണം ആഴത്തിലാക്കാൻ ന്യൂസിലൻഡുമായി സ്വതന്ത്രവ്യാപാര കരാർ ചർച്ച തുടങ്ങി കേന്ദ്രസർക്കാർ. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ ഇന്ത്യാ സന്ദർശനത്തിനായി എത്തി മണിക്കൂറുകൾക്കുള്ളിലാണ് പ്രഖ്യാപനം. കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ മന്ത്രി ടോഡ് മക്ലേയും ഉഭയകക്ഷി ചർച്ച നടത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രിക്കൊപ്പം വൻ ബിസിനസ് സംഘവും ഇന്ത്യയിലെത്തിയിട്ടുണ്ട്.
2023ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കുമെന്ന് ക്രിസ്റ്റഫർ ലക്‌സൺ വാഗ്‌ദാനം നൽകിയിരുന്നു.
അതേസമയം ലോകത്തെ ക്ഷീരോൽപ്പന്ന കയറ്റുമതിയിൽ മുമ്പിൽ നിൽക്കുന്ന ന്യൂസിലന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയിലെ ചെറുകിട–-ഇടത്തരം ക്ഷീരകർഷകരെയും സഹകരണമേഖലയെയും തകർക്കുമെന്ന ആശങ്ക ശക്തമാണ്. 2015ൽ മുടങ്ങിയ ചർച്ചയാണ് പുനരാരംഭിക്കുന്നത്. ക്ഷീരോൽപ്പന്നങ്ങൾക്ക് പുറമേ കമ്പിളി, ഇരുമ്പ്, ഉരുക്ക്, അലുമിനിയം, പഴങ്ങൾ, യന്ത്രങ്ങൾ, വിലയേറിയ ലോഹങ്ങൾ, കല്ലുകൾ, തുണിത്തരങ്ങൾ, മുട്ട, തേൻ തുടങ്ങിയവയാണ് 2024ൽ ന്യൂസിലന്‍ഡിൽ നിന്ന് ഇറക്കുമതിചെയ്‌തത്.
ഔഷധ ഉൽപ്പന്നങ്ങൾ, ധാതു ഇന്ധനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുമ്പിൽ കേന്ദ്രം മുട്ടുമടക്കിയതോടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വന്‍തോതിൽ ഇന്ത്യയിലേക്ക് ഒഴുകും. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡുമായുള്ള വ്യാപാര കരാറും വരുന്നത്.











0 comments