അമേരിക്കയെ പിന്നിലാക്കി യുഎഇ; എൽപിജി ഇറക്കുമതി വർധിച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള വിതരണ പ്രതിസന്ധികൾക്കിടയിലും സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽപിജി എത്തിയത് യുഎഇയിൽ നിന്നെന്ന് റിപ്പോർട്ട്. അതേസമയം, അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതി ആഗസ്തിനെ അപേക്ഷിച്ച് 58 ശതമാനം കുറഞ്ഞു. എൽഎൻജി ഇറക്കുമതിയിൽ ഒമാൻ ആണ് ഒന്നാം സ്ഥാനത്ത്.
സെപ്റ്റംബറിൽ യുഎഇയിൽനിന്ന് 5.47 ലക്ഷം ടൺ എൽപിജിയാണ് ഇന്ത്യയിലേക്കെത്തിയത്. ആഗസ്തിലെ 1.93 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 182 ശതമാനം വർധനവാണുണ്ടായത്. ഇതോടെ ഇന്ത്യയുടെ ആകെ എൽപിജി ഇറക്കുമതിയിൽ യുഎഇയുടെ പങ്ക് 13 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതു മുതൽ തുടർച്ചയായി ആറു മാസം ഇന്ത്യയുടെ ഏറ്റവും വലിയ എൽപിജി വിതരണക്കാർ അമേരിക്കയെയാണ് യുഎഇ മറികടന്നത്.
ആഗസ്തിൽ 7.64 ലക്ഷം ടൺ എൽപിജിയാണ് അമേരിക്ക ഇന്ത്യയിലെത്തിച്ചതെങ്കിൽ, സെപ്റ്റംബറിൽ 3.23 ലക്ഷം ടണ്ണായി കുറഞ്ഞു. ഇതോടെ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിലെ അമേരിക്കയുടെ വിഹിതം 53 ശതമാനത്തിൽനിന്ന് 23 ശതമാനമായി താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതോടെയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് പാചകവാതക ഇറക്കുമതി വർധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം ഭാഗികമായി ആരംഭിച്ചതോടെയാണ് യുഎഇയിൽ നിന്നുള്ള ഇറക്കുമതി വർധിച്ചത്.
മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്നുള്ള എൽപിജി ഇറക്കുമതി 15.6 ശതമാനം ഉയർന്ന് 1.33 ലക്ഷം ടണ്ണായി. ഖത്തറിൽ നിന്നുള്ള ഇറക്കുമതി 76 ശതമാനം വർധിച്ച് 1.15 ലക്ഷം ടണ്ണിലെത്തി. എന്നാൽ, സൗദി അറേബ്യയിൽനിന്ന് സെപ്റ്റംബറിൽ ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്തിട്ടില്ലെന്നും കണക്കുകൾ പറയുന്നു. ഒരു മാസത്തോളമായി ഹൂതി വിമതർ വ്യോമാക്രമണം ശക്തമാക്കിയതോടെ പ്രതിസന്ധിയിലാണ് സൗദി. സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കെതിരെ വരെ ഹൂതി വിമതരുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിതരണം വർധിച്ചെങ്കിലും ഇന്ത്യയുടെ മൊത്തം എൽപിജി ഇറക്കുമതി വർധിച്ചിട്ടില്ല. ആഗസ്തിലെ 14.5 ലക്ഷം ടണ്ണിൽനിന്ന് സെപ്റ്റംബറിൽ ഇറക്കുമതി 13.9 ലക്ഷം ടണ്ണായി കുറയുകയാണുണ്ടായത്. ഏകദേശം നാല് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എൽപിജിക്ക് പുറമെ എൽഎൻജി ഇറക്കുമതിയിലും വർധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ ഒമാനിൽ നിന്ന് 5.85 ലക്ഷം ടൺ എൽഎൻജിയാണ് ഇന്ത്യയിലെത്തിയത്. മൊത്തം ഇറക്കുമതിയുടെ 27 ശതമാനമാണിത്. ആഗസ്തിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഒമാനിൽ നിന്നുള്ള വിതരണം 11.6 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. അതേസമയം മൊത്തം എൽഎൻജി ഇറക്കുമതിയിലും കുറവാണുണ്ടായത്. സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തം എൽഎൻജി ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞ് 21.7 ലക്ഷം ടണ്ണായി.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഇറക്കുമതിയുടെ വലിയൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു എൽപിജിയും എൽഎൻജിയും എത്തിയിരുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിതരണം വർധിപ്പിക്കുന്നത് ആശ്വാസമാണെങ്കിലും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ ചരക്കുകൂലി കൂടുതലാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി വർധിച്ചത് കൊണ്ട് പാചകവാതക വില ഉടൻ കുറയില്ല.








0 comments