ad
Deshabhimani

എൽഎൻജി പ്രതിസന്ധി; യൂറിയ പ്ലാന്റുകളുടെ പ്രവർത്തനം നിലക്കുന്നു

LNG

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 28, 2026, 09:00 PM | 2 min read

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പ്രകൃതിവാതക (LNG) ഇറക്കുമതി രാജ്യമാണ് ഇന്ത്യ. യുഎസ് - ഇസ്രായേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് പൂർണമായും അടഞ്ഞ നിലയിലാണ്. ഇത് ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. ലോകത്തെ എൽഎൻജി വ്യാപാരത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്.


ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യകതയുടെ ഏകദേശം 50 ശതമാനം ആഭ്യന്തരമായി ഉൽപാദിപ്പിക്കുകയാണ്. എന്നാൽ ദിനംപ്രതി വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ അത് പര്യാപ്തമല്ല. പവർ പ്ലാന്റുകൾ, വളം ഫാക്ടറികൾ, വ്യവസായങ്ങൾ, വീടുകളിലേക്കുള്ള പൈപ്പ്ഡ് ഗ്യാസ് (PNG), വാഹനങ്ങൾക്കുള്ള സിഎൻജി (CNG) എന്നിവക്കായാണ് എൽഎൻജിയെ വലിയതോതിൽ ആശ്രയിക്കുന്നത്.


പതിറ്റാണ്ടുകളായി ഖത്തറാണ് രാജ്യത്തെ പ്രധാന എൽഎൻജി വിതരണക്കാർ. എന്നാൽ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയും വേഗത്തിൽ വർധിച്ചു വരുന്നുണ്ട്. യുഎഇ, ഒമാൻ, ഓസ്ട്രേലിയ, റഷ്യ, നൈജീരിയ, അൾജീരിയ എന്നിവയാണ് മറ്റ് പ്രധാന എൽഎൻജി വിതരണക്കാർ.


വിതരണ കമ്പനികൾ 15 മുതൽ 30 ദിവസം വരെയുള്ള കരുതൽ ശേഖരം സൂക്ഷിക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടർന്നാൽ പിഎൻജി വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കാം.


എൽഎൻജി ഇറക്കുമതി നിലച്ചതോടെ അടിസ്ഥാന മേഖലയായ കാർഷിക മേഖല ഞെരുക്കത്തിലാണ്. വളം യൂണിറ്റുകൾ കൂട്ടമായി പൂട്ടുന്നത്‌ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത്‌ ദൂരവ്യാപക പ്രത്യാഘാതത്തിന്‌ ഇടയാക്കും. യൂറിയ ഉൽപ്പാദിപ്പിക്കുന്നതിന്‌ എൽഎൻജി അനിവാര്യമാണ്‌. ഖത്തറിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ രാജ്യത്തെ മൂന്ന് യൂറിയ പ്ലാന്റുകളുടെ പ്രവർത്തനം വെട്ടിക്കുറച്ചിട്ടുണ്ട്.


എൽഎൻജിയിൽ നിന്ന് വ്യത്യസ്തമായി എൽപിജി വിതരണമാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതിയുടെ 85 ശതമാനത്തിലധികവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. നിലവിൽ ഇന്ത്യയുടെ 20 കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.


രാജ്യത്ത് പാചകവാതക ക്ഷാമം ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിദിന ഉപഭോഗം ഏകദേശം 80,000 ടണ്ണാണ്. നിലവിൽ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്. ഏകദേശം 90,000 ടൺ പാചകവാതകമാണ് ഈ രണ്ട് ടാങ്കറുകളിലുമായുള്ളത്. ഈ മൂന്നു കപ്പലുകളിൽ നിന്നുള്ള പാചകവാതകം രാജ്യത്ത് മൂന്ന് ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂ.


ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ പ്രകൃതിവാതക, പാചകവാതക വിതരണം മുന്നോട്ട് പോകുന്നത്. എണ്ണ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ കഴിയുമെങ്കിലും പ്രകൃതിവാതക, പാചകവാതക ഇറക്കുമതിക്കായി ഇന്ത്യക്ക് പരിമിതമായ സ്രോതസ്സുകൾ മാത്രമേയുള്ളൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിലിനേക്കാൾ ഗുരുതരമായ പ്രതിസന്ധി എൽഎൻജി (LNG) വിതരണം മുടങ്ങിയാലുണ്ടായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home