നിലവാരമില്ലെന്ന് കേന്ദ്രസർക്കാർ
print edition പ്രമുഖ റം, വിസ്‌കി ബ്രാൻഡുകൾക്ക് നിരോധനം

ന്യൂഡൽഹി : ലാബ് പരിശോധനകളിൽ നിശ്ചിത നിലവാരം പുലർത്തിയില്ലെന്ന് ആരോപിച്ച് നിരവധി റം, വിസ്‌കി ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് യൂണിറ്റുകളിൽ നിർമിച്ച റം, വിസ്‌കി ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
മോഹൻ റോക്കി സ്‌പ്രിങ് വാട്ടറിന്റെ ഖോപോലി യൂണിറ്റ്, യുണൈറ്റഡ് സ്‌പിരിറ്റ്സിന്റെ ബരാമതി യൂണിറ്റ്, മധ്യപ്രദേശിലെ ഇൻബ്രൂ ബെവറേജസ്, അസോസിയേറ്റഡ് ആൽക്കഹോൾ ആൻഡ് ബ്രൂവറീസ്, യുണൈറ്റഡ് സ്‌പിരിറ്റ്സ് എന്നിവ നിർമിച്ച ഉൽപ്പന്നങ്ങൾക്കാണ് നിരോധനം.
ഇതേത്തുടർന്ന് ഓൾഡ് മോങ്ക് റമ്മിന്റെ വക ഭേദങ്ങളായ ദി ലെജൻഡ്, ഗോൾഡ് റിസർവ്, ട്രിപ്പിൾ എക്‌സ് മെച്യൂർഡ് റം, മെക്ഡൊവൽസ് നമ്പർ വൺ റം, ബാഗ്പൈപ്പർ ഡീലക്‌സ് വിസ്‌കി, ഓൾഡ് കാസ്‌ക് ഡീലക്‌സ് ട്രിപ്പിൾ എക്‌സ് റം, സെൻട്രൽ പ്രൊവിൻസ് വിസ്‌കി, മെക്ഡൊവൽസ് നമ്പർ വൺ സെലിബ്രേഷൻ മെച്യൂർഡ് ട്രിപ്പിൾ എക്‌സ് റം, ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചാലഞ്ച് വിസ്‌കി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ വിപണിയിൽനിന്ന് പിൻവലിച്ചു.
കൃത്രിമമായി ഫ്ലേവർ ചേർത്ത് ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതായി കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. നിർമാതാക്കളുടെ അപ്പീലിനെ തുടർന്ന് ഉൽപ്പന്നത്തിന്റെ വിവരം ലേബലിന്റെ മുൻവശത്ത് കാണിക്കണമെന്ന വ്യവസ്ഥയോടെ നിലവിലുള്ള സ്റ്റോക്ക് വിൽക്കാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം കേന്ദ്രമന്ത്രിസഭയിലെ പ്രമുഖന്റെ മകന്റെ മദ്യനിർമാണ കന്പനിക്കുവേണ്ടിയാണ് പ്രമുഖ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.









0 comments