ഇന്ത്യ - കെനിയ ജോയിന്റ് ട്രേഡ് കമ്മിറ്റി യോഗം; സാമ്പത്തിക ബന്ധം ശക്തമാക്കാൻ തീരുമാനം

ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും കെനിയൻ വ്യാപാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റെജീന അക്കോത്ത് ഒമ്പമും ജോയിന്റ് ട്രേഡ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സിൽ ഒപ്പുവക്കുന്നു. (Photo Credit: Facebook)
നെയ്‌റോബി : ഇന്ത്യയും കെനിയയും തമ്മിലുള്ള വ്യാപാര, നിക്ഷേപ, നൈപുണ്യ വികസന മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. നെയ്‌റോബിയിൽ നടന്ന പത്താമത് ഇന്ത്യ - കെനിയ ജോയിന്റ് ട്രേഡ് കമ്മിറ്റി (ജെടിസി) യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും കെനിയൻ വ്യാപാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റെജീന അക്കോട്ട ഒമ്പമും യോഗത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 24.91 ശതമാനം വർധന രേഖപ്പെടുത്തിയതായി യോഗം വിലയിരുത്തി. 2025–26 കാലയളവിൽ വിനിമയം 430 കോടിക്ക് മുകളിലെത്തി. പരമ്പരാഗത ഉല്പന്നങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വ്യാപാരത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.
വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) കെനിയ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്‌സും (KEBS) തമ്മിലുള്ള സഹകരണവും യോഗം അവലോകനം ചെയ്തു. കസ്റ്റംസ് നടപടികൾ ലഘൂകരിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസും (CBIC) കെനിയൻ റവന്യൂ അതോറിറ്റിയും (KRA) തമ്മിൽ ഒപ്പുവച്ച കരാറിനെ യോഗം പ്രത്യേകം പ്രശംസിച്ചു.
കെനിയയിൽ സ്പെഷ്യൽ റുപീ വോസ്ട്രോ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായത് സാമ്പത്തിക സഹകരണത്തിലെ വലിയ നാഴികക്കല്ലാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഇടപാടുകൾക്കുള്ള ചെലവ് കുറക്കാനും വ്യാപാരം വർധിപ്പിക്കാനും പ്രാദേശിക കറൻസി ഉപയോഗിച്ചുള്ള പേയ്മെന്റ് സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.










0 comments