ad
Deshabhimani

ലോഹത്തിന്റെ അളവ് കൂടുതൽ, വിഷബാധയ്ക്ക് കാരണമാകും; രണ്ട് പാക് നിർമിത ഫേസ് ക്രീമുകൾക്ക് ഇന്ത്യയില്‍ വിലക്ക്

fairness cream

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 15, 2026, 10:04 PM | 1 min read

ന്യൂഡൽഹി : അനുവദനീയ പരിധിയെക്കാൾ കൂടുതൽ ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പാക് നിർമിത രണ്ട് ഫേസ് ക്രീമുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. പാകിസ്ഥാനിൽ നിർമി ​ഗോറീ ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റ്നിങ് ക്രീം എന്നീ രണ്ട് സ്കിൻ-വൈറ്റനിംഗ് ക്രീമുകൾക്കെതിരെയാണ് സിഡിഎസ്‍സിഒ (CDSCO) രാജ്യവ്യാപക പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവയ്ക്ക് ഇന്ത്യയിൽ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നും നിർദേശത്തിൽ പറയുന്നു.


ഇവയുടെ വിൽപ്പന, വിതരണം, പരസ്യം എന്നിവ തടയാൻ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡ്രഗ് കൺട്രോളർമാർക്കും CDSCO സോൺ, സബ്-സോൺ, പോർട്ട് ഓഫീസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇവയടക്കം പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ചരക്കുകളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നെങ്കിലും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ ക്രീമുകൾ വിൽപ്പനയ്ക്കുണ്ടായിരുന്നതായി കണ്ടെത്തി.


CDSCO നടത്തിയ പരിശോധനയിൽ നിശ്ചിത പരിധിയെക്കാൾ കൂടുതലായി ഹെവി മെറ്റലുകൾ ക്രീമുകളിൽ ഉള്ളതായി സ്ഥിരീകരിച്ചു. ഇതുമൂലം വിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്നും ഇതിനകം വാങ്ങിയവർ ഉപയോഗിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.


കോസ്മറ്റിക് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ നിർമ്മാണ ലൈസൻസും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര ലൈസൻസിങ് അതോറിറ്റിയുടെ രജിസ്ട്രേഷനും നിർബന്ധമാണെന്ന് ഡ്രഗ് കൺട്രോളർ ജനറൽ രാജീവ് സിങ് രഘുവൻഷി വ്യക്തമാക്കി. ലൈസൻസ് നമ്പർ, നിർമ്മാതാവിന്റെ വിശദാംശങ്ങൾ, ബാച്ച് നമ്പർ, നിർമാണ-കാലാവധി തീയതികൾ, ഇറക്കുമതി ഉൽപ്പന്നമാണെങ്കിൽ രജിസ്ട്രേഷൻ നമ്പർ എന്നിവ പരിശോധിച്ച ശേഷമേ സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു.


2021ൽ ന്യൂസിലൻഡ് മെഡിസിൻസ് ആൻഡ് മെഡിക്കൽ ഡിവൈസസ് സേഫ്റ്റി അതോറിറ്റിയും ​ഗോറീ ക്രീമിൽ മെർക്കുറി, ലെഡ് എന്നിവ കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ഇവ നാഡീവ്യവസ്ഥ, ദഹനവ്യവസ്ഥ, പ്രതിരോധവ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിക്കാമെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home