ജിഡിപി കണക്കുകളിൽ കൃത്രിമം; വളർച്ചാനിരക്ക് പെരുപ്പിച്ചു കാണിക്കുന്നതായി സാമ്പത്തിക വിദഗ്ധർ

പ്രതീകാത്മക ചിത്രം (Image Credit : AFP)
ന്യൂഡൽഹി : ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന കേന്ദ്ര സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട അവകാശവാദങ്ങൾ വെറും നുണപ്രചാരണമെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (GDP) കണക്കുകളിൽ വൻതോതിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധർ വെളിപ്പെടുത്തുന്നു. 2011ന് ശേഷമുള്ള കാലയളവിൽ മാത്രം വളർച്ചാ നിരക്കിൽ 1.5 മുതൽ 2 ശതമാനം വരെ പെരുപ്പിച്ചു കാട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കോർപ്പറേറ്റുകളുടെയും സംഘടിത മേഖലയുടെയും കണക്കുകൾ മാത്രം ആധാരമാക്കി തയ്യാറാക്കുന്ന ജിഡിപി റിപ്പോർട്ടുകൾ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതത്തെ കാണുന്നില്ല. ഇന്ത്യയിലെ തൊഴിൽ മേഖലയുടെ നട്ടെല്ലായ അസംഘടിത മേഖല നേരിടുന്ന തകർച്ച മറച്ചുവെച്ചാണ് സർക്കാർ വികസന വീമ്പുകൾ നിരത്തുന്നത്. ചെറിയ ഫാക്ടറികളും പെട്ടിക്കടകളും കുടുംബ വ്യാപാരങ്ങളും തകരുമ്പോൾ വൻകിട കോർപ്പറേറ്റുകളുടെ ലാഭക്കണക്കുകൾ കാട്ടി രാജ്യം വളരുകയാണെന്ന് വരുത്തിത്തീർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
യഥാർഥത്തിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം നേരിടുന്ന കടുത്ത തൊഴിലില്ലായ്മയും വേതനമില്ലായ്മയും വ്യവസായ മാന്ദ്യവും ഈ കണക്കുകളിലെ കള്ളത്തരം തുറന്നുകാട്ടുന്നു. യുവാക്കൾ തൊഴിലിനായി അലയുമ്പോഴും സ്വകാര്യ നിക്ഷേപം കുറയുമ്പോഴും ജിഡിപി മാത്രം കുതിച്ചുയരുന്നത് എങ്ങനെയെന്ന ചോദ്യത്തിന് കൃത്രിമ കണക്കുകളിലൂടെയാണ് ഭരണകൂടം മറുപടി നൽകുന്നത്.
2016ലെ നോട്ട് നിരോധനവും അശാസ്ത്രീയമായി നടപ്പിലാക്കിയ ജിഎസ്ടിയും ഇന്ത്യയുടെ സാധാരണ ജനവിഭാഗങ്ങളെയും ചെറുകിട വ്യാപാരികളെയും തകർത്തു. ഇതിന് പിന്നാലെ വന്ന കോവിഡ് മഹാമാരി അസംഘടിത മേഖലയെ ശ്വാസം മുട്ടിച്ചു. എന്നാൽ ഈ ആഘാതങ്ങളൊന്നും ഔദ്യോഗിക വളർച്ചാ കണക്കുകളിൽ പ്രതിഫലിച്ചില്ല.
ഒരു ചെറിയ പലചരക്ക് കട പൂട്ടിപ്പോയാൽ ആ വിപണി ഒരു വൻകിട കുത്തക കമ്പനി കൈയടക്കുന്ന നിലയാണിന്ന്. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും കോർപ്പറേറ്റുകൾ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന ഈ വിപരീത വികസന മാതൃകയെയാണ് ആഗോള തലത്തിൽ ഇന്ത്യയുടെ തിളക്കമായി
കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്നത്.
വസ്തുതകളെ ഭയപ്പെടുന്ന സർക്കാർ അത് പുറത്തുവരാതിരിക്കാൻ സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളെപ്പോലും അട്ടിമറിക്കുകയാണ്. രാജ്യത്തിന്റെ യഥാർത്ഥ ചിത്രം നൽകേണ്ട സെൻസസ് നടപടികൾ ബോധപൂർവം വൈകിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. പതിറ്റുണ്ടുകൾക്ക് ശേഷം രാജ്യം ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥരെ പുറത്താക്കിയും റിപ്പോർട്ടുകൾ തിരുത്തിയും സർക്കാർ വസ്തുതകളെ നേരിടാൻ ഭയക്കുന്നത് കൊണ്ടാണ്.
സ്ഥിതിവിവരക്കണക്കുകൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ പൊതുസ്വത്താണ്. അവ പ്രസംഗങ്ങളിൽ വിളമ്പാനുള്ള വെറും അലങ്കാരങ്ങളല്ല, നയരൂപീകരണത്തിനുള്ള ഉപാധികളാണ്. മുദ്രാവാക്യങ്ങൾ കൊണ്ടോ ഗ്യാരണ്ടികൾ കൊണ്ടോ മറച്ചുവക്കാൻ കഴിയാത്തവിധം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകരുകയാണ്. ഭരണകൂടത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്ന കണക്കുകളല്ല സാധാരണക്കാരന്റെ വിശപ്പും തൊഴിലില്ലായ്മയും കൃത്യമായി അടയാളപ്പെടുത്തുന്ന സത്യസന്ധമായ കണക്കുകളാണ് രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നത്.










0 comments