ഷെയ്‌ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ. ഹസീനയെ വിട്ടുനൽകാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ സമ്മർദം ചെലുത്തുന്നതിനിടെയാണ് ഇന്ത്യ കാലാവധി നീട്ടിയത്. ഹസീനയുടെ പാസ്‌പോർട്ട് റദ്ദാക്കിയ ബംഗ്ലാദേശ് ഈ ആഴ്ച ആദ്യത്തിൽ ഹസീനക്കെതിരെ രണ്ടാമത്തെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഡിസംബർ 23 ന് ഹസീനയെ കൈമാറാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. 2024-ലെ പ്രതിഷേധത്തിനിടെ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട അക്രമ സംഭവങ്ങളിലും തിരോധാനങ്ങളിലും ഹസീന പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഹസീനയെ കൈമാറാൻ ആവശ്യപ്പെട്ടത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്ത് അഞ്ചിനാണ് ഹസീന ഇന്ത്യയിലെത്തിയത്.
ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തിൽ ഷേയ്‌ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ് ഹസീന നേരിട്ടത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്‌ഖ് ഹസീന രാജ്യം വിടേണ്ടി വന്നു. തുടർന്ന് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.










0 comments