ad
Deshabhimani

ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് കുട്ടികൾ ഉൾപ്പെടെ 9 പേര്‍ പഞ്ചാബ് പൊലീസ് വലയിൽ

pnb
വെബ് ഡെസ്ക്

Published on Aug 05, 2026, 12:05 PM | 2 min read

അമൃതസർ: തലസ്ഥാന നഗരിയിലെ ജന്തർ മന്തര്‍ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി പറയുന്ന ഐഎസ്ഐ പിന്തുണയുള്ള രണ്ട് അതിർത്തികടന്നുള്ള ഭീകര സംഘങ്ങളെ കണ്ടെത്തി തകര്‍ത്തായി പഞ്ചാബ് പോലീസ്.


നാല് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 9 പേ‍ര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഒരാൾ ഒഴികെ പ്രതികളിൽ എല്ലാവരും 25 വയസിൽ താഴെയുള്ളവരാണ്. ഇവരിൽ നിന്ന് മൂന്ന് തോക്കുകളും, നാല് പെട്രോൾ ബോംബുകളും, ഒൻപത് വെടിയുണ്ടകളും പിടികൂടിയതായും അറിയിച്ചു. പാകിസ്ഥാൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘം ആക്രമണത്തിനായി സംസ്ഥാനത്തെ യുവാക്കളെയും കുട്ടികളെയും ഉപയോഗപ്പെടുത്തുക ആയിരുന്നു എന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.



രാജാസാൺസി മേഖലയിൽ നിന്നാണ് ആദ്യ മൊഡ്യൂളിനെ പൊലീസ് വലയിലാക്കിയത്. പ്രധാന പ്രതിയായ സുഖ്മൻ സിംഗും പ്രായപൂർത്തിയാകാത്ത മൂന്ന് കൂട്ടികളുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഡൽഹി ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഇവര്‍ ആലോചിച്ചിരുന്നതായാണ് പൊലീസ് വിശദീകരണം. നേരത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിൽ ഭീകര സാന്നിധ്യം ആരോപിച്ച് ഡൽഹി പെലീസ് നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും ഭീകരതയും പാക് ബംഗ്ലാ ബന്ധങ്ങളും ഒക്കെ ആരോപിച്ച് തകര്‍ക്കുന്ന കുതന്ത്രങ്ങൾ വിദ്യാര്‍ഥികൾ തന്നെ പരിഹസിച്ച് തകര്‍ത്തു വിട്ടു. നീതിപീഠം കൂടി ഇടപെട്ടതോടെ ഇതിനുള്ള സാധ്യത മങ്ങി.


ഇപ്പോൾ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിൽ ഭീകര ആക്രമണ സാധ്യയുണ്ടായിരുന്നു എന്ന പൊലീസ് വാദത്തിന് പിന്തുണയായാണ് പുതിയ കേസ് അവതരിപ്പിക്കുന്നത്.


ജന്തര്‍ മന്തര്‍ പ്രക്ഷോഭകരെ ആക്രമിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐ ഹാൻഡ്‌ലറുമായി താൻ സമ്പർക്കത്തിലായിരുന്നുവെന്ന് സുഖ്മൻ മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനായി ഡൽഹിയിലെത്തിയിരുന്നെങ്കിലും കനത്ത സുരക്ഷ കാരണം പദ്ധതി നടപ്പിലാക്കാനാകാതെ പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ഇവർക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുനൽകാൻ ധാരണയുണ്ടായിരുന്നതായും പോലീസ് പറയുന്നു.


പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാങ്സ്റ്ററും ഭീകരനുമായ ഷെഹ്സാദ് ഭട്ടിയാണ് ആദ്യത്തെ ഭീകര മൊഡ്യൂളിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പിടിക്കപ്പെട്ടവർ ഭട്ടിയുടെ കൂട്ടാളികളുമായി വാട്സ്ആപ്പ് നമ്പറുകൾ വഴി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.



റെയിൽവേ ട്രാക്കുകൾക്ക് സമീപം

ഭീകരരുടെ സിസിടിവി ക്യാമറകൾ


കഴിഞ്ഞ മാസം റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയകരമായ രീതിയിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ ദുരൂഹത പരത്തിയിരുന്നു. ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ മൊഡ്യൂൾ വലയിലാവുന്നത്. റെയിൽവേ ട്രാക്കുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇവർ ക്യാമറയിൽ പകര്‍ത്തിയെടുത്തു. തുടര്‍ന്ന് വിദേശത്തുള്ള ഹാൻഡ്‌ലർമാർക്ക് തത്സമയം പങ്കുവെച്ചിരുന്നതായി കണ്ടെത്തി.


ഇപ്പോൾ അമൃതസർ ജയിലിൽ കഴിയുന്ന സുഖ്‌ദേവ് സിംഗ്, ഹർമാൻ സിംഗ് എന്നീ തടവുകാരുടെ നിർദേശപ്രകാരം പേടിഎം വഴിയാണ് ഈ ക്യാമറകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.


തർൺ താരൻ, പട്ടി സ്വദേശികളായ അൻമോൽ സിംഗ് എന്ന സാഹിബ് (20) വംശ് കുമാർ (19) അമൃതസര്‍ സ്വദേശികളായ ഹർമാൻ സിംഗ് എന്ന ഹമ്മു (24) സുഖ്ദേവ് സിംഗ് (30) സുഖ്മൻ സിംഗ് (19) എന്നിവരും നാല് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് പ്രതികളിൽ ഉൾപ്പെടുന്നത്.


പോലീസ് കെട്ടിടങ്ങളും ജീവനക്കാരെയും നിരീക്ഷിക്കുക എന്ന ചുമതലയും ഇവര്‍ നിര്‍വ്വഹിച്ചിരുന്നതായി ഡിജിപി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home