ad
Deshabhimani

print edition ഇയു സ്വതന്ത്രവ്യാപാര കരാർ ; കാർഷിക–വ്യവസായ 
മേഖലകളിൽ ആശങ്ക

India EU
വെബ് ഡെസ്ക്

Published on Jan 29, 2026, 12:42 AM | 1 min read


ന്യൂഡൽഹി

യൂറോപ്യൻ യൂണിയന്റെ വാണിജ്യതാൽപ്പര്യങ്ങൾക്ക്‌ പൂർണമായും വഴങ്ങിയുള്ള സ്വതന്ത്രവ്യാപാര കരാറിലേക്ക്‌ കേന്ദ്ര ബിജെപി സർക്കാർ നീങ്ങുന്നത്‌ രാജ്യത്തിന്റെ കാർഷിക– വ്യവസായ മേഖലകളിൽ ആശങ്ക പടർത്തുന്നു. വികസിത മേഖലയായ യൂറോപ്യൻ യൂണിയന്‌ വേണ്ടി വിപണി തുറന്നുകൊടുക്കുന്നത്‌ കാർഷിക–വ്യവസായ മേഖലകളിൽ വലിയ തിരിച്ചടിക്ക്‌ വഴിവയ്‌ക്കും. യൂറോപ്പിൽനിന്ന്‌ ആഡംബര കാറുകളടക്കമുള്ള മോട്ടോർ വാഹനങ്ങൾ, വിവിധ മദ്യോൽപ്പന്നങ്ങൾ, സംസ്‌ക്കരിച്ച ഭക്ഷ്യവസ്‌തുക്കൾ, ചിലയിനം പഴങ്ങൾ, മരുന്നുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്‌ ഒഴുകാൻ കരാർ വഴിയൊരുക്കും.


ഇന്ത്യയുടെ ആഭ്യന്തര കാർ നിർമാണ മേഖലയ്‌ക്ക്‌ കരാർ ദോഷമാകും. പ്രഖ്യാപനത്തിന്‌ പിന്നാലെ ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ വാഹന നിർമാണ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കാറുകളുടെ തീരുവ 110 ശതമാനത്തിൽ നിന്ന്‌ 10 ശതമാനമായാണ്‌ കുറയുക. അഞ്ചുവർഷത്തിനുശേഷം ഇയുവിൽനിന്നുള്ള ഇലക്‌ട്രിക് കാറുകളും കുറഞ്ഞ തീരുവനിരക്കിൽ വിപണിയിലെത്തും. മോദി സർക്കാർ അവകാശപ്പെടുന്ന മെയ്‌ക്ക്‌ ഇൻ ഇന്ത്യയ്‌ക്ക്‌ വിരുദ്ധമാണിത്‌.


സംസ്‌ക്കരിച്ച ഭക്ഷ്യഉൽപ്പന്നങ്ങളും തീരുവയില്ലാതെ ആട്ടിറച്ചിയും ചിലയിനം പഴങ്ങളും പഴച്ചാറും മറ്റും ഇയുവിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌ കാർഷിക മേഖലയ്‌ക്കും തിരിച്ചടിയാകും. ക്ഷീരോൽപ്പന്നങ്ങളെയും ചിലയിനം പഴം–പച്ചക്കറി ഇനങ്ങളെയും കരാറിൽനിന്ന്‌ മാറ്റിനിർത്തിയിട്ടുണ്ടെന്ന്‌ കേന്ദ്രം അവകാശപ്പെടുമ്പോഴും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.


നിലവിൽതന്നെ ഇന്ത്യ ഇയുവിലേക്ക്‌ കയറ്റുമതി ചെയ്യുന്ന 75 ശതമാനത്തിലേറെ ഉൽപ്പന്നങ്ങൾക്കും ഒരു ശതമാനമോ അതിൽ താഴെയോ ആണ്‌ തീരുവ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ ഇയു ചുമത്തുന്ന ശരാശരി തീരുവ മൂന്ന്‌ ശതമാനം മാത്രമാണ്‌. എന്നാൽ മറിച്ച്‌ ഇയുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ ചുമത്തിയിരുന്ന ശരാശരി തീരുവ 10–12 ശതമാനം വരെയാണ്‌. അതുകൊണ്ടുതന്നെ തീരുവരഹിത വ്യാപാരം പൂർണമായും ഇയുവിന്‌ അനുകൂലമെന്ന്‌ വ്യക്തം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home