ഇന്ത്യ– ഇയു വ്യാപാര കരാര്‍ വര്‍ഷാവസാനം

ഉർസുല ഓൺ ഡെർ ലെയ്ന്‍
ന്യൂഡൽഹി
ഇന്ത്യ–യൂറോപ്യൻ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ ഇൗ വർഷം അവസാനത്തോടെ അന്തിമമാകുമെന്ന് വെളിപ്പെടുത്തി യൂറോപ്യൻ യൂണിയൻ കമീഷൻ പ്രസിഡന്റ് ഉർസുല ഓൺ ഡെർ ലെയ്ന്‍. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനും ധാരണയായെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ് എന്നും പുതിയ തീരുമാനത്തിലൂടെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണെന്നും ഉർസുല പറഞ്ഞു. ഈ വര്‍ഷം കരാറിലെത്തുന്നതിൽ തന്റെ പ്രതിജ്ഞാബദ്ധത ബുധനാഴ്‌ച നടത്തിയ ഫോൺ സംഭാഷണത്തിൽ മോദി അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അവർ പറഞ്ഞു.
‘ഉക്രൈന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ എങ്ങനെ പിന്തുണക്കണമെന്ന് മോദിയുമായി ചർച്ച ചെയ്‌തുവെന്നും’ ഉർസുല എക്‌സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തെത്തുടർന്ന് റഷ്യയുമായി ഇന്ത്യ കൂടുതൽ അടുക്കുന്ന സാഹചര്യത്തിലാണ് ഉർസുലയുടെ പ്രസ്‌താവന.
അതിനിടെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ മുന്നറിയിപ്പുമായി യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് കായ കല്ലസ് രംഗത്തെത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും അവരോടൊപ്പം സൈനികാഭ്യാസം നടത്തുന്നതും യൂറോപ്യൻ യൂണിയനുമായുള്ള ആഴത്തിലുള്ള ബന്ധത്തിന് തടസമാകും –കായ കല്ലസ് പറഞ്ഞു.










0 comments