ad
Deshabhimani

print edition ഉ‍ൗർജ പ്രതിസന്ധിക്ക്‌ സാധ്യതയെന്ന്‌ ജയ്‌ശങ്കറും

s jayasankar
avatar
സ്വന്തം ലേഖകൻ

Published on Mar 10, 2026, 01:54 AM | 1 min read

ന്യൂഡൽഹി: ​പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ തുടർന്നാൽ രാജ്യത്ത്‌ ഉ‍ൗർജ പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച്‌ വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. സംഘർഷം തുടർന്നാൽ ക്രൂഡ്‌ ഓയിൽ വിതരണം തടസ്സപ്പെടാനും ആഗോള വിതരണശൃംഖല സ്‌തംഭിക്കാനും സാധ്യതയുണ്ട്‌.


ഇത്‌ ഉ‍ൗർജ സുരക്ഷയ്‌ക്ക്‌ വെല്ലുവിളി സൃഷ്ടിക്കും– പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച്‌ പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിൽ അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട ശരിയായ നടപടിയെന്ന നിലയിലാണ്‌ ഇറാനിയൻ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ അടുപ്പിക്കാൻ അനുവാദം നൽകിയതെന്നും ഇറാൻ വിദേശകാര്യമന്ത്രി നന്ദി രേഖപ്പെടുത്തിയെന്നും ജയ്‌ശങ്കർ പറഞ്ഞു.


അമേരിക്കയുമായും ഇസ്രയേലുമായും ഗൾഫ്‌ രാജ്യങ്ങളുടെ തലവന്മാരുമായും ഇന്ത്യ നിരന്തരസന്പർക്കം പുലർത്തുന്നുണ്ടെങ്കിലും ഇറാനിലെ ഉന്നത ഭരണനേതൃത്വവുമായി നിലവിലെ സാഹചര്യങ്ങളിൽ സന്പർക്കം പുലർത്താനായിട്ടില്ലെന്ന വിചിത്രമായ വിശദീകരണവും വിദേശകാര്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. അതേസമയം, അഞ്ചിന്‌ ഇറാനിയൻ വിദേശമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും ജയ്‌ശങ്കർ അറിയിച്ചു.


ഗൾഫ്‌ രാജ്യങ്ങളിലുള്ള ഒരു കോടിയിലധികം ഇന്ത്യക്കാരുടെയും ഇറാനിലുള്ള പതിനായിരക്കണക്കിന്‌ ഇന്ത്യക്കാരുടെയും സുരക്ഷയ്‌ക്കാണ്‌ കേന്ദ്രസർക്കാർ പ്രഥമപരിഗണന നൽകുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ‘‘67,000ത്തോളം ഇന്ത്യക്കാരെ സംഘർഷബാധിത മേഖലകളിൽനിന്ന്‌ തിരിച്ചെത്തിച്ചു.


കൂടുതൽപേരെ തിരിച്ചെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ചരക്കുകപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യൻ നാവികരെ പ്രതികൂലമായി ബാധിച്ചു. ചില മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഒരാളെ കാണാതായി. പശ്‌ചിമേഷ്യയിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെടേണ്ടത്‌ ഇന്ത്യയുടെ ഉ‍ൗർജസുരക്ഷയ്‌ക്കും വാണിജ്യ ഇടപാടുകൾക്കും അനിവാര്യമാണ്‌.


ഗൾഫ്‌ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും മാനിക്കപ്പെടണം’’– വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാന്റെ പരാമാധികാരത്തിനുനേരെയുള്ള അമേരിക്ക, ഇസ്രയേൽ കടന്നാക്രമണങ്ങളെ അപലപിക്കാത്ത കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിലപാടിനെതിരെ വിമർശം വ്യാപകമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home