ad
Deshabhimani

രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം; വിമാനയാത്രാ നിരക്കും പാചകവാതക വിലയും കുതിക്കുന്നു

lpg crisis
വെബ് ഡെസ്ക്

Published on Apr 02, 2026, 01:29 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു.


ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മൂലം വിതരണ ശൃംഖല അവതാളത്തിലായ സാഹചര്യത്തിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ യോഗം വിലയിരുത്തി. ഇന്ധനക്ഷാമം പരിഹരിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് ആവർത്തിക്കുമ്പോഴും വാണിജ്യ സിലിണ്ടറുകളുടെയും വിമാന ഇന്ധനത്തിന്റെയും വില വർദ്ധിച്ചത് സാധാരണക്കാരെയും ചെറുകിട വ്യവസായങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.


വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് (19 കിലോ) ഒറ്റയടിക്ക് 195.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 2,078.50 രൂപയായും കൊച്ചിയിൽ 2,100 രൂപയ്ക്ക് മുകളിലുമായി. ഇത് ഹോട്ടൽ മേഖലയ്ക്കും ചെറുകിട ഭക്ഷണശാലകൾക്കും കനത്ത പ്രഹരമായി.


ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. വിമാന ഇന്ധനമായ എടിഎഫിന്റെ വില ചരിത്രത്തിലാദ്യമായി കിലോ ലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഇതിനുപിന്നാലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് ദൂരമനുസരിച്ച് 950 രൂപ വരെയും യൂറോപ്പ് ഉൾപ്പെടെയുള്ള ദീർഘദൂര രാജ്യാന്തര സർവീസുകൾക്ക് 10,000 രൂപ വരെയുമാണ് വർദ്ധനവ്.


ഇന്ധനവില പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ കേന്ദ്രം 10 രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇത് പൊതുമേഖലാ എണ്ണക്കമ്പനികളെ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനികൾ വില കുത്തനെ കൂട്ടിത്തുടങ്ങി.


യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ ഊർജ്ജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് പ്രവാസികളെയും വിനോദസഞ്ചാര മേഖലയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home