സെൻസസ്; വീടുകളുടെ കണക്കെടുപ്പ് 2026 ൽ, ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലും

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചു. ആദ്യത്തേത് 2026 ഏപ്രിൽ മാസത്തിനും സെപ്റ്റംബറിനും ഇടയിലാവും. രണ്ടാമത്തേത് 2027 ഫെബ്രുവരിയിൽ തുടങ്ങി മാർച്ച് ഒന്ന് വരെയുമാവും.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.
ഒന്നാം ഘട്ടം - വീടുകളുടെ പട്ടികപ്പെടുത്തലും കണക്കെടുപ്പും, തുടർന്ന് രണ്ടാം ഘട്ടം - ജനസംഖ്യാ കണക്കെടുപ്പ് (PE) എന്നിവയായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ, സെൻസസ് ഡാറ്റ ഉപയോക്താക്കൾ എന്നിവരിൽ നിന്നുള്ള ഇൻപുട്ടുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സെൻസസ് ചോദ്യാവലി അന്തിമമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാബിനറ്റ് കമ്മിറ്റി തീരുമാന പ്രകാരം ജാതി കണക്കെടുപ്പും സെൻസസിൽ ഉൾപ്പെടുത്തുമെന്നും മറ്റൊരു ചോദ്യത്തിൽ മന്ത്രി ഉത്തരം നൽകി.
2027 ലെ സെൻസസ് ഡിജിറ്റൽ മാർഗങ്ങളിലൂടെ നടത്തുമെന്നും ഇതിനായി മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഡാറ്റ ശേഖരിക്കുമെന്നും അറിയിച്ചു. രാജ്യത്തെ 16ാം സെൻസസാണിത്. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും.








0 comments