Deshabhimani

print edition ‘ഗ്യാനേഷ് രാജ്യദ്രോഹി’; ജനകീയ കുറ്റവിചാരണ നടത്തി ‘ഇന്ത്യ’

Gyanesh Protest

ഗ്യാനേഷ്‌ കുമാറിനെതിരായ ഇന്ത്യ കൂട്ടായ്മയുടെ പ്രതീകാത്മക കുറ്റവിചാരണ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ആരംഭിച്ചപ്പോൾ. എം എ ബേബി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഖാർഗെ, കപിൽ സിബൽ, മെഹ്ബൂബ മുഫ്തി എന്നിവരെ കാണാം

വെബ് ഡെസ്ക്

Published on Nov 01, 2026, 01:54 AM | 2 min read

ന്യൂഡൽഹി : കോടിക്കണക്കിന്‌ വോട്ടർമാരെ നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ നിന്ന് വെട്ടിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ ചെയ്യണമെന്ന പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌ പ്രമേയം ഇന്ത്യ കൂട്ടായ്‌മ പാസാക്കി . രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതീകാത്മക പ്രമേയം പാസാക്കിയത്.


പഴയ പാർലമെന്റ്‌ കെട്ടിടത്തിലെ സെൻട്രൽ ഹാൾ മാതൃകയിൽ സജ്ജീകരിച്ച വേദിയിൽ ദേശീയ ഗാനാലാപനത്തിന്‌ ശേഷമായിരുന്നു നടപടികൾ. ലോക്‌സഭാ മുൻ സ്‌പീക്കർ മീരാകുമാർ അധ്യക്ഷയായി. അർഹതയുള്ള ഒരാൾക്ക്‌ പോലും വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ അത്‌ ജനാധിപത്യത്തിന്റെ ആത്മാവിനേറ്റ ഉണങ്ങാത്ത മുറിവാകുമെന്ന്‌ അവർ പറഞ്ഞു.


ഗ്യാനേഷ്‌ കുമാറിനെതിരായ കുറ്റങ്ങൾ അക്കമിട്ട് നിരത്തി മല്ലികാർജുൻ ഖാർഗെ കുറ്റപത്രം അവതരിപ്പിച്ചു. ഗ്യാനേഷ്‌ കുമാറിനെ ഉടൻ നീക്കണം, രാജ്യദ്രോഹക്കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കണം, എസ്‌ഐആർ ഉടൻ നിർത്തണം, മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമന നിയമം ഭേദഗതി ചെയ്യണം എന്നീ ആവശ്യങ്ങളുള്ള പ്രമേയം ചർച്ചയ്‌ക്ക്‌ വയ്‌ക്കുന്നതായും ഖാർഗെ അറിയിച്ചു.


തുടർന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ ഉൾപ്പെടെ വിവിധ കക്ഷികളുടെ പ്രതിനിധികൾ സംസാരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ പ്രമുഖ നേതാക്കൾ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌ നടപടികൾക്ക്‌ സാക്ഷി
യായി. 20 പാർടികളിലെ 250 എംപിമാരും നേതാക്കളും എത്തി.


എസ്‌ഐആർ പ്രക്രിയയിലൂടെ ഒഴിവാക്കപ്പെട്ട പശ്‌ചിമ ബംഗാളിലെയും ഡൽഹിയിലെയും വോട്ടർമാർ കമീഷന്റെ തെറ്റായ നടപടികൾ ചോദ്യംചെയ്‌തു. യുവജന നേതാക്കളും സിവിൽ സമൂഹ പ്രതിനിധികളും സംസാരിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ സമാപന പ്രസംഗത്തിനുശേഷം മീരാകുമാർ പ്രമേയം വോട്ടിനിട്ടു. ഒറ്റക്കെട്ടായി കൈകൾ ഉയർത്തി പ്രമേയത്തെ അനുകൂലിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ച്‌ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌ നടപടി അവസാനിച്ചു.


ഗ്യാനേഷിനെ ഇംപീച്ച്‌ ചെയ്യണമെന്ന്193 പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും നൽകിയ നോട്ടീസ്‌ തള്ളിയതിന്‌ പിന്നാലെയാണ്‌ ജനകീയ വിചാരണയുമായി പ്രതിപക്ഷം രംഗത്തെത്തിയത്‌.


മഹാറാലി ഇന്ന്‌

​

ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ ഞായറാഴ്‌ച രാംലീല മൈതാനത്ത്‌ ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന മഹാറാലിയിൽ പത്തുലക്ഷം പേർ അണിനിരക്കും. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷക്കണക്കിനാളുകൾ ശനി രാവിലെ മുതൽ ഡൽഹിയിലെത്തിത്തുടങ്ങി. പ്രതിപക്ഷ എംപിമാരോടൊപ്പം, മുഖ്യമന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ, യുവജന–വിദ്യാർഥി സംഘടനകൾ തുടങ്ങിയവർ പങ്കാളികളാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home