print edition അപൂർവ ധാതുഖനനം: യുഎസുമായി കരാർ ഒപ്പിട്ട് ഇന്ത്യ

എസ് ജയ്‌ശങ്കറും മാർക്കോ റൂബിയോയും

സ്വന്തം ലേഖകൻ
Published on May 27, 2026, 01:42 AM | 1 min read
ന്യൂഡൽഹി: സെമി കണ്ടക്ടറുകൾ, ബാറ്ററികൾ എന്നിവയുടെ നിർമാണത്തിന് ആവശ്യമായ അപൂർവ ധാതുക്കളുടെ വിതരണത്തിനും ഖനനത്തിനും സംസ്‌ക്കരണത്തിനുമായുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ഇതോടെ ആണവോർജ മേഖലയ്‌ക്കുപുറമെ തന്ത്രപ്രധാനമായ അപൂർവധാതു മേഖലയിൽക്കൂടി അമേരിക്കൻ കടന്നുകയറ്റത്തിന് വഴിയൊരുങ്ങി.
വിദേശ മന്ത്രി എസ് ജയ്‌ശങ്കറും യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോയുമാണ് കരാറിൽ ഒപ്പുവച്ചത്. അപൂർവധാതുക്കളുടെ ലഭ്യതയിൽ ചൈനയ്‌ക്കുള്ള മേൽക്കോയ്‌മയിൽ അസ്വസ്ഥരായ അമേരിക്ക പാകിസ്ഥാനുമായും സമാന കരാറിൽ ഒപ്പുവച്ചിരുന്നു.
അപൂർവധാതുവായ മോണസൈറ്റ് നിക്ഷേപം ഇന്ത്യയിൽ 1.3 കോടി ടണ്ണോളമുണ്ട്. ചൈനയിൽ 4.5 കോടി ടണ്ണാണ് നിക്ഷേപം. നിലവിൽ അമേരിക്കയ്‌ക്ക് ആവശ്യമായ അപൂർവധാതുക്കൾ പൂർണമായും ചൈനയിൽനിന്നും മറ്റുമുള്ള ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കുയെന്ന ലക്ഷ്യവും ഇന്ത്യയുമായുള്ള കരാറിന് പിന്നിലുണ്ട്.
കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവധാതു ഇടനാഴി കഴിഞ്ഞ പൊതുബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കരാർ. അപൂർവധാതുക്കളുടെ ഖനനവും വേർതിരിക്കലും ഏറെ സാങ്കേതികത ആവശ്യമായതും വലിയ സാമ്പത്തികബാധ്യത വരുത്തുന്നതുമാണ്. ഇക്കാര്യങ്ങളിൽ ഇന്ത്യ നേരിടുന്ന ദൗർബല്യങ്ങൾ മുതലെടുത്താണ് യുഎസിന്റെ രംഗപ്രവേശം.
ക്വാഡ് വിദേശമന്ത്രിമാരുടെ സമ്മേളനത്തിലും ചൊവ്വാഴ്‌ച റൂബിയോയും ജയ്‌ശങ്കറും പങ്കെടുത്തു. ആസ്‌ത്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്‌സു മൊത്തേഗി എന്നിവരും സമ്മേളനത്തിന്റെ ഭാഗമായി. പശ്‌ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവുമെല്ലാം ചർച്ചയായി.










0 comments