മന്ത്രിസഭായോഗത്തിലും നടപടിക്ക് തീരുമാനമില്ല. വാർത്താസമ്മേളനത്തിൽ പ്രതികരിക്കാതെ കേന്ദ്രമന്ത്രി
ട്രംപിന്റെ പ്രതികാരച്ചുങ്കം ; യുഎസ് വിധേയത്വം തുടർന്ന് കേന്ദ്രം


എം അഖിൽ
Published on Apr 10, 2025, 03:40 AM | 1 min read
ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 27 ശതമാനം പ്രതികാരച്ചുങ്കം പ്രാബല്യത്തിലാകുമ്പോൾ നിലപാടോ തീരുമാനമോ ഇല്ലാതെ കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതലാണ് അമേരിക്ക അടിച്ചേൽപ്പിച്ച അധികച്ചുങ്കം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് കനത്ത ആഘാതമാകുന്ന വിഷയത്തിൽ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലും തീരുമാനമില്ല. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് ഈ വിഷയത്തിൽ പ്രതികരിക്കാനും തയ്യാറായില്ല.
ട്രംപിന്റെ പ്രതികാരച്ചുങ്കത്തിനെതിരെ ചൈനയടക്കമുള്ള രാജ്യങ്ങൾ ശക്തമായി പ്രതികരിക്കുമ്പോഴും മൗനം തുടരുകയാണ് ഇന്ത്യ. തീരുവയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കാൻ അവസരം നൽകണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രമന്ത്രി അനുമതി നൽകിയില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചെറിയ അലോസരം പോലും ഉണ്ടാകാത്ത രീതിയിൽ ‘പ്രശ്‌നപരിഹാരത്തിനാണ്’ മോദി സർക്കാർ ശ്രമം.
അമേരിക്കയുടെ വാണിജ്യ, രാജ്യസുരക്ഷാതാൽപര്യങ്ങൾക്ക് അനുസൃതമായി നിലകൊള്ളുന്ന രാജ്യങ്ങൾക്ക് തീരുവയിൽ ചെറിയ ഇളവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം, ചെറിയ ഇളവ് പോലും ഉണ്ടാവില്ലെന്ന സൂചനയാണ് അമേരിക്ക നൽകുന്നത്. ഫാർമസ്യൂട്ടിക്കൽ മേഖലയിലും കനത്ത തീരുവ ചുമത്താനാണ് ആലോചനയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.









0 comments