print edition 17 കരാര്‍ ഒപ്പിട്ട് ഇന്ത്യയും നെതർലൻഡ്‌സും

നരേന്ദ്ര മോദിയും റോബ് ജെറ്റനും കൂടിക്കാഴ്ചയിൽ | PHOTO: AFP
ആംസ്‌റ്റർ ഡാം: തൊഴിലിനും വിദ്യാഭ്യാസത്തിനുമായി കൂടുതൽ ഇന്ത്യക്കാർക്ക് നെതർലൻഡ്‌സിലേക്ക് പോകാൻ സഹായകമാകുന്ന കുടിയേറ്റ-യാത്രാ കരാറടക്കം വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 17 കരാറുകളിൽ ഇന്ത്യയും നെതർലൻഡ്‌സും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണിത്. പ്രതിരോധം, ധാതുക്കൾ, വ്യാപാരം, നിക്ഷേപം,സെമികണ്ടക്ടറുകൾ, ബഹിരാകാശം, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയിൽ സഹകരണം വർധിപ്പിക്കും. ഹരിത ഹൈഡ്രജൻ വികസനത്തിനായുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
ഗുജറാത്തിലെ ധോലേരയിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട്-എൻഡ് സെമികണ്ടക്ടർ ഫാബ് പ്ലാന്റിനായി ടാറ്റ ഇലക്ട്രോണിക്സും ഡച്ച് കമ്പനിയായ എഎസ്എംഎല്ലും തമ്മിൽ സഹകരിക്കും. വിവിധ നിർമാണ യൂണിറ്റുകൾ തുടങ്ങാൻ നിരവധി കന്പനികളെ പ്രധാനമന്ത്രി ഇന്ത്യയലേക്ക് ക്ഷണിച്ചു.
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ നെതർലൻഡ്‌സിൽ നിന്നുള്ള വിദേശ നിക്ഷേപം നിലവിൽ 55.6 ബില്യൺ ഡോളറാണ്.
യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് യെറ്റൻ പിന്തുണ ആവർത്തിച്ചു. ഇന്ത്യ-–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം. റഷ്യ– ഉക്രയ്‌ൻ സംഘർഷവും പശ്‌ചിമേഷ്യൻ സംഘർഷവും നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണം.
യുഎൻ ചാർട്ടർ അനുസരിച്ചുള്ള ശാശ്വത സമാധാനം ഉണ്ടാകണം. ഇന്തോ-–പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നില്ല
ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്നും മത-ന്യൂനപക്ഷ അവകാശങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും വിദേശ മന്ത്രാലയത്തിലെ സെക്രട്ടറി സിബി ജോർജ് വ്യക്തമാക്കി. നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റൻ ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തോടനുബന്ധിച്ച് ഹേഗിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിബി ജോർജ്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 11 ശതമാനമായിരുന്ന ന്യൂനപക്ഷ ജനസംഖ്യ ഇപ്പോൾ 20 ശതമാനത്തിലധികമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
മോദി സ്വീഡനിലെത്തി
സ്റ്റോക്‌ഹോം: നാല് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച സ്വീഡനിലെത്തി. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ സ്വീകരിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഇന്നൊവേഷൻ എന്നീ മേഖലകളിൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായും കൂടിക്കാഴ്ച നടത്തും. സ്വീഡനില്‍നിന്ന് നോർവേയിലേക്കും ഇറ്റലിയിലേക്കും യാത്ര തിരിക്കും.











0 comments