ad
Deshabhimani

ലാൻസെറ്റ് പഠന റിപ്പോര്‍ട്

ഇന്ത്യയിൽ മാതൃമരണ നിരക്ക് ഉയരുന്നു; നിയന്ത്രണങ്ങൾ പാളിയതായി പഠനം

baby
വെബ് ഡെസ്ക്

Published on Mar 28, 2026, 11:44 AM | 2 min read

ന്യൂഡൽഹി: ആഗോളതലത്തിൽ മാതൃമരണങ്ങൾ കുറയുമ്പോഴും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് പുതിയ പഠനം. പ്രമുഖ മെഡിക്കൽ ജേണലായ 'ദ ലാൻസെറ്റ് ഒബ്‌സ്റ്റട്രിക്സ്, ഗൈനക്കോളജി ആൻഡ് വിമൻസ് ഹെൽത്ത്' (The Lancet) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 2023-ൽ ഇന്ത്യയിൽ ഏകദേശം 24,700 മാതൃമരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.


എത്യോപ്യ, നൈജീരിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയുടെ ഈ രംഗത്തെ ദാരുണമായ പതനം സംഭവിക്കുന്നത്.


പ്രധാന വിവരങ്ങൾ


ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മാതൃമരണ നിരക്ക് (Maternal Mortality Ratio - MMR) ഓരോ ഒരു ലക്ഷം പ്രസവങ്ങൾക്കും 116 ആണ്. ദക്ഷിണേഷ്യയിലും സബ്-സഹാറൻ ആഫ്രിക്കയിലുമാണ് ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ നടക്കുന്നത്. നൈജീരിയ 32,900 എത്യോപ്യ 11,900 പാകിസ്താൻ 10,300 എന്നിങ്ങനെയാണ് പട്ടികയിലെ തൊട്ടടുത്തുള്ള രാജ്യങ്ങളിലെ മരണ നിരക്ക്.


ഗവേഷകർ പറയുന്നത് പ്രകാരം കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മാതൃമരണ നിരക്കിൽ വലിയ കുറവ് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്തായി നിയന്ത്രണ വേഗത കുറയുകയും മരണ നിരക്ക് വര്‍ധിക്കയുമാണ്. അപേക്ഷികമായി കുറവ് വരേണ്ടിയിരുന്നതാണ്. എന്നാൽ പുരോഗതി നേടുന്നതിൽ ക്രമികമായ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ 2023-ൽ 2.4 ലക്ഷം മാതൃമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.


maternal death


ഔദ്യോഗിക കണക്കുകൾ


ലാൻസെറ്റ് റിപ്പോർട്ടിലെ കണക്കുകൾക്ക് വിരുദ്ധമായി ഇന്ത്യയുടെ ഔദ്യോഗിക സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS 2021-23) പ്രകാരം രാജ്യത്തെ MMR 88 ആണ്. ഇന്ത്യ ഇക്കാര്യത്തിൽ മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശ വാദം. 2030-ഓടെ മാതൃമരണ നിരക്ക് 70-ൽ താഴെ എത്തിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്.


പ്രസവസമയത്തെ അമിത രക്തസ്രാവം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാതത്തമാണ് മരണങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ മാതൃമരണങ്ങളിൽ വലിയ വർദ്ധനവുണ്ടായതായും റിപ്പോർട്ട് പറയുന്നു.


ആധുനികമായ പ്രസവ സൗകര്യങ്ങൾ, മികച്ച ഗർഭകാല പരിചരണം, പ്രസവാനന്തര പരിശോധനകൾ എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ മരണങ്ങൾ വലിയൊരു പരിധി വരെ തടയാനാകുമെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ കഴിഞ്ഞിട്ടില്ല. 2030-ലെ ലക്ഷ്യത്തിലെത്താൻ ആഗോള തലത്തിൽ ത്വരിതപ്പെടുത്തിയ നടപടികളും തുടർച്ചയായ നിക്ഷേപവും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ലോകത്ത് ആകെ നടക്കുന്ന ജനനങ്ങളിൽ 17 ശതമാനവും ഇന്ത്യയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home