ad
Deshabhimani

എഐ ഉച്ചകോടിയിൽ തെളിഞ്ഞത് ദൗര്‍ബല്യങ്ങൾ,അമേരിക്കയ്ക്ക് ഒരു കരാര്‍ കൂടി നൽകി സമാപനം

brocken hand ai summit

എ ഐ സമ്മിറ്റിൽ പ്രധാനമന്ത്രിക്കൊപ്പം കൈ ഉയര്‍ത്തി വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെ പരസ്പരം കൈ കോര്‍ക്കാതെ ഓപ്പൺ എഐ തലവൻ ആൾട്ട് മാനും അന്ത്രോപിക് തലവൻ ദാരിയോ അമോദേയും

വെബ് ഡെസ്ക്

Published on Feb 21, 2026, 05:27 PM | 6 min read

ഗോള തെക്കൻ രാജ്യങ്ങളിൽ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിച്ച അന്തർദേശീയ എഐ ഇംപാക്ട് സമ്മിറ്റ് 2026 ന്യൂഡൽഹിയിൽ സമാപിച്ചു.രാജ്യത്തെ സംബന്ധിച്ച് ചരിത്ര മുഹൂർത്തം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച ഉച്ചകോടി ഓരോ ദിവസവും വിവാദങ്ങളാലും അതിഥി രാജ്യങ്ങൾക്ക് മുന്നിൽ പരിഹാസ്യമായിത്തീര്‍ന്ന പിഴവുകളാലും വാര്‍ത്തകളിൽ ഇടംപിടിച്ചു.


വലിയ വാഗ്ദാനങ്ങൾ നൽകി സംഘടിപ്പിച്ച പരിപാടി ആറു ദിവസവും രാജ്യത്തെ കൂടുതൽ പരിഹാസ്യമാക്കി തീര്‍ക്കുന്നതായി മാറുകയായിരുന്നു. എഐ അധിഷ്ഠിത ലോകത്തിന് ഏറ്റവും അധികം ബൗദ്ധിക ശേഷി സംഭാവന ചെയ്യുന്ന രാജ്യത്തിന് അതിന്റെ മികവുകളെ പ്രകടിപ്പിക്കാനും തെളിയിക്കാനും അവസരം ആവേണ്ടിയിരുന്ന ഉച്ചകോടിയാണ്. ലോക സമ്മിറ്റിന്റെ പ്രധാന്യം കേന്ദ്ര സര്‍ക്കാരിന് തന്നെ തരിച്ചറിയാൻ കഴിഞ്ഞില്ല എന്ന പരാതികളാൽ നിറംകെട്ടു. ലോകം അധിവേഗം മുന്നേറുന്ന എഐ രംഗത്ത് രാജ്യത്തിന് എന്ത് അവതരിപ്പിക്കാനുണ്ട് എന്ന് വ്യക്തമാക്കാനാവാതെ പോയി. ഇന്ത്യയുടെ എഐ നയം എന്താണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു ഭാവി മുന്നേറ്റത്തിൽ രാജ്യത്തിന്റെ ആസൂത്രണവും ദീര്‍ഘവീക്ഷണവും ഇല്ലായ്മ പ്രകടമായിത്തീര്‍ന്നു.


സംഘാടനത്തിലെ പിഴവുകൾ,വ്യാജ റോബോട്ടുകൾ അവതരിപ്പിച്ച വിവാദം,മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ,എപ്‌സ്റ്റീൻ നിഴലിൽ റദ്ദായ പ്രഭാഷണം എന്നിവയെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ എഐ ഭാവി ആസൂത്രണം അശ്രദ്ധയുടെ പേരിൽ ലോകം ചര്‍ച്ച ചെയ്തു. ഇന്ത്യയ്ക്ക് ഒപ്പമുള്ള ഇതര രാജ്യങ്ങൾ എല്ലാം തന്നെ ഗവേഷണത്തിലും ആസൂത്രണത്തിലും നേട്ടങ്ങളിലും ദശാബ്ദങ്ങൾ മുന്നിൽ നടക്കുന്ന മേഖലയാണ്. ഇന്ത്യയ്ക്കാവട്ടെ അവരെ നയിക്കാനുള്ള ബൗദ്ധിക സമ്പത്ത് സ്വന്തമായുണ്ട്.


ആറു ദിവസത്തെ മഹോത്സവം ഫെബ്രുവരി 21ന് ഡൽഹി ഡിക്ലറേഷൻ അംഗീകരിച്ചാണ് പിരിഞ്ഞത്. കഴിഞ്ഞ ഉച്ചകോടിക്ക് പാരീസ് ആണ് വേദിയായത്. അവിടെ 60രാജ്യങ്ങൾ പങ്കാളിത്തം വഹിച്ചപ്പോൾ ഡൽഹിയിൽ 85 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി. നൂറ് രാജ്യങ്ങൾ പങ്കെടുക്കും എന്നായിരുന്നു തുടക്കത്തിലെ അവകാശ വാദം. വൻകിട ഐടി കമ്പനികളുടെ പ്രതിനിധികളും ബിസിനസ് ഗ്രൂപ്പുകളും പ്രതീക്ഷയോടെ വന്നെത്തി.


ഉച്ചകോടിക്കിടയിലും അമേരിക്കൻ തന്ത്രം


പാക്സ് സിലിക്ക (Pax Silica)കരാർ ഒപ്പുവെച്ചതാണ് ഉച്ചകോടിയുടെ നേട്ടമായി സമാപന ദിവസമായ ശനിയാഴ്ച ഉയര്‍ത്തി കാണിക്കപ്പെട്ടത്. അമേരിക്കയ്ക്ക് അപൂര്‍വ്വ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കനുള്ള കരാര്‍ എന്നാണ് ഇത് യഥാര്‍ത്ഥത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള സാങ്കേതിക വിദ്യാരംഗത്തും വിതരണ ശൃംഖലയിലും ചൈനയുടെ ആധിപത്യം മറികടക്കാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് പാക്‌സ് സിലിക്ക സഖ്യം. ഇതിൽ ഇന്ത്യ ഔദ്യോഗികമായി ചേരുകയാണ് ഉണ്ടായത്. ഡൽഹിയിൽ എഐ ഇംപാക്ട് സമ്മിറ്റിന്റെ ഓളത്തിനിടെ കരാറിൽ ഇന്ത്യയെയും എത്തിക്കുക എന്ന അമേരിക്കയുടെ നീക്കം വിജയിക്കയാണ് ചെയ്തിരിക്കുന്നത്.


കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ്, യുഎസ് സ്ഥാനപതി സെർജിയോ ഗോർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലൻഡ്സ്, യുകെ, ഇസ്രായേൽ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ സഖ്യത്തിലെ മറ്റ് പ്രധാന അംഗങ്ങൾ.


കൊറോണ വൈറസിനെ പാത്രം കൊട്ടി ഓടിക്കാമെന്ന് കണ്ടു പിടിച്ച സര്‍വ്വകലാശാല


2023-ലെ G20 ഉച്ചകോടിക്ക് വേദിയായ ഭാരത് മണ്ഡപത്തിൽ നരേന്ദ്ര മോദിയാണ് എഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. "ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ അതിവേഗം മുന്നേറുകയാണ്"എന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സംഘാടകരുടെ ആത്മവിശ്വാസം മിനിറ്റുകൾക്കകം ചിതറി. പ്രവേശന നടപടിക്രമങ്ങളിലെ കുഴപ്പങ്ങൾ വലിയ പരാതിയായി.വി വി ഐ പി മുവ്മെന്റ് ഭ്രാന്തൻ തിരക്ക് സൃഷ്ടിച്ചു. അവസാനമില്ലാത്ത ക്യൂവിൽ വിദേശ പ്രതിനിധികൾ ചൂടിൽ വിയര്‍ത്തു. പലരും തിരിച്ചു മുറിയിലേക്ക് മടങ്ങി.


ഇവ ഒന്നാം ദിവസം തന്നെ ഓൺലൈൻ വിമർശനത്തിന്റെ കൊടുങ്കാറ്റ് ഉണർത്തി. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പരസ്യമായി മാപ്പ് ചോദിക്കേണ്ടി വന്നു. ഉയർന്നുവരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ "വാർ റൂം"സ്ഥാപിച്ചു എന്ന് അദ്ദേഹം പ്രഖ്യാപിക്കേണ്ടി വന്നു. വാര്‍ പിന്നെ തുടര്‍ന്നത് സംഘാടന പിഴവുകൾ തമ്മിലായിരുന്നു.


ഇന്ത്യയുടെ സാങ്കേതിക തികവ് ലോകത്തിന് മുന്നിൽ തെളിയിക്കേണ്ട ഒരു ആഗോള എഐ ഷോക്കേസിൽ ഉണ്ടായ ആദ്യത്തെ പ്രതിസന്ധി ക്ഷണിക്കപ്പെട്ട പ്രതിനിധികളെ സുഖമമായി അകത്തു കടത്താൻ പോലും കഴിയിഞ്ഞില്ല എന്നതായിരുന്നു. രണ്ടാം ദിവസമായപ്പോൾ ഇന്ത്യൻ ലേബലുമായി ഒരു ചൈനീസ് റോബോട്ട് രംഗത്ത് എത്തി. ചിരിയും പരിഹാസവുമായി.


ഗൽഗോഷ്യാസ് സർവകലാശാല AIസമ്മിറ്റ് എക്സ്പോ ഹാളിൽ ഒരു സ്റ്റാൾ തുറന്നിരുന്നു. അവരുടെ കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ നേഹ സിങ് ദൂരദർശൻ ന്യൂസ് ക്യാമറക്ക് മുന്നിൽ തങ്ങളുടെ റോബോട്ട് ഡോഗ് അവതരിപ്പിച്ചു. "ഓറിയോൺ"എന്ന് ഗൗരവത്തോടെ പേരിട്ട് വിളിച്ചിരുന്നു.സർവകലാശാലയുടെ സ്വന്തം Centre of Excellence-ൽ വികസിപ്പിച്ചതെന്ന് അഭിമാനത്തോടെ അവകാശപ്പെടുകയും ചെയ്തു. പക്ഷേ,സോഷ്യൽ മീഡിയ ഏതാനും മിനിറ്റുകൾക്കുള്ളിൽ റോബോര്‍ട്ടിന്റെ ഉറവിടം കണ്ടുപിടിച്ചു. ആ "ഓറിയോൺ"ചൈനീസ് കമ്പനിയായ Unitree Robotics-ന്റെ Unitree Go2ആണ് എന്ന് തുറന്നു കാട്ടി.ഏകദേശം 2,800ഡോളറിന് ആർക്കും വാങ്ങാൻ കഴിയുന്ന,ലോകമൊട്ടുക്ക് ഗവേഷണ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഒരു സാധാരണ ഉൽപ്പന്നം.ഒരു ഇഞ്ചും ഇന്ത്യൻ ആവിഷ്കാരം ഉള്ളതായിരുന്നില്ല.


വിവാദം ആളിക്കത്തിയതോടെ,ബുധനാഴ്ച സർവകലാശാലാ പ്രതിനിധികളോട് എക്സ്പോ ഉടൻ വിടാൻ ആവശ്യപ്പെട്ടു. "മോദി സർക്കാർ ഇന്ത്യയെ ആഗോളതലത്തിൽ പരിഹാസ്യ വസ്തുവാക്കി"എന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു.


ചൈനീസ് റോബോട്ടുമായി എത്തിയ സര്‍വ്വകലാശാല നേരത്തെയും വാര്‍ത്തകളിൽ നിറഞ്ഞ സ്ഥാപനമാണ്.കോവിഡ് കാലത്ത് പാത്രം മുട്ടി കൊറോണ വൈറസിനെ ഓടിക്കാമെന്ന് കണ്ടെത്തിയ നരേന്ദ്ര മോദിയുടെ ഐഡിയയ്ക്ക് ശാസ്ത്രീയ അടിത്തറ നൽകി തീസീസ് പ്രസിദ്ധീകരിച്ചത് ഈ കലാശാലയിൽ നിന്നായിരുന്നു. ശാസ്ത്ര ആരോഗ്യം മേഖലഖളിൽ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ പുരാണങ്ങൾ ഉദ്ധരിച്ച് ന്യായീകരിച്ചു. ലോകം പരിഹസിച്ചതോടെ സര്‍വ്വകലാശാലയ്ക്ക് പ്രബന്ധം സൈറ്റിൽ നിന്നും നീക്കം ചെയ്യേണ്ടി വന്നു.


അതി സുരക്ഷാ മേഖലയിൽ മോഷണവും


രണ്ടാം ദിവസം "ഉന്നത സുരക്ഷ"ക്കുള്ളിൽ ഒരു മോഷണം കേസും ഉണ്ടായി.

NeoSapiensഎന്ന wearable AIസ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ധനഞ്ജയ് യാദവ് X-ൽ വേദനയോടെ എഴുതി- ഭാരിച്ച ദൂര യാത്രയും താമസ ചെലവും വഹിച്ച് ഇവിടെ എത്തിയ തങ്ങളുടെ കമ്പനിയുടെ wearableഉൽപ്പന്നങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഉന്നത VIPസുരക്ഷ ഉള്ളതായി അവകാശപ്പെടുന്ന ഈ വേദിക്കുള്ളിൽ, സ്റ്റാളിൽ നിന്ന് അദൃശ്യമായിപ്പോയിരിക്കുന്നു എന്നായിരുന്നു വരികൾ. ഒരു AIഉൽപ്പന്ന ഷോക്കേസ് നടക്കുന്ന ഒരു "ഉന്നത സുരക്ഷാ"ഹാളിൽ ഉൽപ്പന്നങ്ങൾ തന്നെ മോഷ്ടിക്കപ്പെട്ടു.


മൂന്നാം ദിവസം,ബുധനാഴ്ച VIP കോൺവോയ്കൾക്ക് വഴിയൊരുക്കാൻ പോലീസ് ചുറ്റുമുള്ള റോഡുകൾ അടച്ചിട്ടു.ദൂരദേശങ്ങളിൽ നിന്ന് കോൺഫ്രൻസിൽ പങ്കെടുക്കാൻ വന്ന ഗവേഷകരും AIപ്രൊഫഷണലുകളും കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വിവേചനമില്ലാതെ ഡൽഹി പൊലീസ് പ്രതിനിധികളെ പോലും തിരിച്ചറിയാതെ തിരിച്ചു വിട്ടു. പ്രദര്‍ശന ഹാളിൽ വൈ ഫൈ കണക്ഷൻ പ്രവര്‍ത്തന രഹിതമായി.


നാലാം ദിവസം ഉച്ചകോടിയിൽ ഏറ്റവും വലിയ സാന്നിധ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ബിൽ ഗേറ്റ്സ് എത്തിയില്ല.ഈ ദിവസം സമ്മിറ്റ് അതിന്റെ ഉയരത്തിൽ എത്തേണ്ടതായിരുന്നു.ഒരേ വേദിയിൽ നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ,ബ്രസീൽ പ്രസിഡന്റ് ലുല, OpenAI CEO സാം ആൾട്ട്മാൻ, Google CEOസുന്ദർ പിച്ചൈ, Anthropic CEO ദാരിയോ അമോദേ എന്നിവര്‍ അണി നിരന്നു.ശക്തരായ എതിരാളികൾ ആൾട്ട്മാനും അമോദേ ഇയും ഒരേ ഫ്രെയിമിൽ അടുത്തടുത്ത് വന്നു. അവര്‍ കൈ കൂട്ടിപ്പിടിക്കാതെ ആ ദിവസത്തെ ഭിന്നിപ്പിന്റെ ചിത്രം കാഴ്ച വെച്ചു. മറ്റു നേതാക്കൾ എല്ലാം കൈ കൂട്ടിപ്പിടിച്ച് ഉയര്‍ത്തി വിജയം പ്രഖ്യാപിച്ചപ്പോൾ വിള്ളൽ ലോക മാധ്യമങ്ങൾ ഒപ്പിയെടുത്ത് ആഘോഷിച്ചു.


അന്നത്തെ ദിവസത്തെ ഏറ്റവും ശക്തമായ തലക്കെട്ട് ആ ഫോട്ടോ ആയിരുന്നില്ല. ബിൽ ഗേറ്റ്സ് ആയിരുന്നു.ജഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം ഒരിക്കൽ കൂടി ആഗോള ചർച്ചയിൽ ഇടംപിടിച്ചതിനാൽ ഗേറ്റ്സ് തന്റെ മുഖ്യ പ്രഭാഷണത്തിന് ഏതാനും മണിക്കൂർ മുൻപ് പിൻവാങ്ങുകയായിരുന്നു.രാവിലെ വരെ ഗേറ്റ്സ് 11:50-ന് 12മിനിറ്റ് പ്രഭാഷണം നടത്തും എന്ന് ഔദ്യോഗിക ഷെഡ്യൂളിൽ ഉണ്ടായിരുന്നു.ഒരു വിശദീകരണവും ഇല്ലാതെ ഗേറ്റ്സിന്റെ പേര് മാറി.


എൻവിഡ തലവൻ പങ്കെടുക്കാതെ മുങ്ങി


ഗേറ്റ്സ് മാത്രമല്ല Nvidia CEOജെൻസൻ ഹുവാങ് കാരണം വ്യക്തമാക്കാതെ പരിപാടി ക്യാൻസൽ ചെയ്ത് മുങ്ങി. AI chipലോകത്തിലെ കേന്ദ്ര ശക്തിയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. കൂടുതൽ വിശദീകരണം ആരും ആവശ്യപ്പെട്ടില്ല,ആരും നൽകിയതുമില്ല.പക്ഷേ ഇന്ത്യയിലെ ടെക് കമ്പനികളുമായി ചേര്‍ന്ന് എഐ സംവിധാനങ്ങൾ രാജ്യത്തിനകത്ത് ഒരുക്കാനുള്ള കരാര്‍ ഇതേ കമ്പനി ഉച്ചകോടിയിൽ നേടിയെടുക്കുകയം ചെയ്തു.


അമേരിക്കൻ ഐടി കമ്പനികളായ എൻവിഡിയ(Nvidia)യും ഓപ്പൺ എഐ(OpenAI)യും ഇന്ത്യൻ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്തങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ബൃഹത്തായ തോതിലുള്ള എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും എന്നാണ് വാഗ്ദാനം.


വമ്പൻ വിപണി സ്വന്തമാക്കുക എന്ന പരസ്യ ലക്ഷ്യവുമായി കരാറിലേക്ക് എത്തുകയാണ്. ലോകത്തെ തന്നെ നിയന്ത്രിക്കാനിരിക്കുന്ന എഐ അധിഷ്ഠിത സാധ്യതാ മേഖലകളിൽ എല്ലാം രാജ്യത്തിനകത്ത് അമേരിക്കൻ ഐടി ഭീമൻമാരുടെ സാന്നിധ്യവും സ്വാധീനവും വരികയാണ്.


AI ശക്തി ആണ് എന്ന് ഔദ്യോഗികമായി അവകാശപ്പെടുന്ന രാജ്യം, ആ ലക്ഷ്യം ഏറ്റവും ഉച്ചത്തിൽ ഉദ്ഘോഷിക്കേണ്ട ദേശീയ എക്സ്പോ ഹാളിൽ ഇറക്കുമതി ചെയ്ത ചൈനീസ് ഗാഡ്ജറ്റ് സ്വന്തം ഉത്പന്നമായി പ്രദർശിപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ട്


സ്വദേശീയമായ എഐ ഗവേഷണവും ഭാഷാ അധിഷ്ഠിത ഡാറ്റ ശേഖരണവും ശക്തിപ്പെടുത്താൻ പ്രായോഗിക മാതൃകകൾ ഇല്ലാത്തതാണ് ഇന്ത്യയുടെ വെല്ലുവിളി. ദേശീയ സുരക്ഷ, പ്രതിരോധം, ബാങ്കിംഗ് മേഖല എന്നിവയിൽ വിദേശ ആശ്രയം കുറയ്ക്കുക പ്രധാനമാണ്. രാജ്യത്തിന്റെ പൗരന്മാരുടെ ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കുകയും നിയമപരമായി സംരക്ഷിക്കുകയും ചെയ്യുക പ്രധാനമാണ്. ഇതോടൊപ്പം രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും സാമൂഹിക ഘടനയും ഭാഷകളുടെയും സമൂഹങ്ങളുടെയും വളര്‍ച്ചയും നിലനിൽപ്പും വരെ എഐ ആശ്രിതമായി നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യം വന്നു ചേരാവുന്നതാണ്.


ഐടി രംഗത്ത് അടിസ്ഥാന തലത്തിലുള്ള വികസന മുരടിപ്പിന്റെ ഈ സഹചര്യം വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് വഴി രാജ്യത്തെ അമേരിക്കൻ കമ്പനികൾക്ക് തുറന്ന് കൊടുക്കാൻ നി‍ര്‍ബന്ധിതമാക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നു.



Related News


ഇന്ത്യ AI-യെക്കുറിച്ച് ഔദ്യോഗിക തലത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആഖ്യാനത്തിനും നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നതും തമ്മിൽ വലിയ വൈരുദ്ധ്യം നിലനിൽക്കുന്നു.


AI- എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ആശങ്ങളെയും, ന്യൂനപക്ഷങ്ങളെയും ദുര്‍ബലരെയം ലക്ഷ്യമാക്കാനാണ് ഏറ്റവും അധികം പ്രയോജനപ്പെടുത്തിയത്. ഡിജിറ്റൽ അടിച്ചമർത്തൽ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. നിലവിലെ ഭരണകൂടത്തിനും അവരുടെ ആശങ്ങൾക്കും വേണ്ടി ഉപയോഗിക്കാവുന്ന ഒരു സാങ്കേതിക ശാഖ എന്ന നിലയിലേക്ക് എഐ കേന്ദ്ര ഭരണ നേതാക്കളാൽ പരിഗണിക്കപ്പെട്ടു. ഇതിന്റെ പ്രതിഫലനം ഉച്ചകോടിയിലും വെളിപ്പെട്ടു.


ഹൈദരാബാദ് പോലീസ് പൊതുഇടങ്ങളിൽ സമ്മതമില്ലാതെ ആളുകളുടെ ഫോട്ടോ എടുത്ത് കേന്ദ്ര ക്രിമിനൽ ഡേറ്റാബേസുകളുമായി ഒത്തുനോക്കി. .ബംഗളൂരുവിൽ "Safe City"പദ്ധതിക്ക് കീഴിൽ ആയിരക്കണക്കിന് AI-poweredക്യാമറകൾ പ്രവർത്തിക്കുന്നു.ലക്‌നൗ ആയിരത്തിലധികം AI-enabledക്യാമറകൾ ഉപയോഗിക്കുന്നു. ഡൽഹി പൊലീസിന്റെ എഐ ദുരുപയോഗവും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. ജീവിത സാഹചര്യങ്ങളാൽ ഇത്തിരി നിറവ് കുറഞ്ഞവരെ എഐ പറഞ്ഞു എന്ന പേരിൽ പിടിച്ച് കൊണ്ടു പോയി പൊലീസ് മുറകൾക്ക് ഇരയാക്കി.


ഐടി മന്ത്രി വൈഷ്ണവ് ഈ ആഗോള AIവേദി ഉപയോഗിച്ചത്, YouTube, Meta, X, Netflixഎന്നിവർക്ക് ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം എന്ന് മുന്നറിയിപ്പ് നൽകാൻ ആയിരുന്നു. എഐ എന്നാൽ അതിനെതിരായ നിയമ നിര്‍മ്മാണം എന്നാണോ മന്ത്രി മനസിലാക്കിയത് എന്നായിരുന്നു സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ ചോദ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home