ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുക; ഹൈദരാബാദിൽ വിദ്യാർഥി സമരം അഞ്ചാം ദിവസത്തിലേക്ക്

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിനുമുന്നിൽ വിദ്യാർഥികൾ സമരത്തിൽ
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയെ ജാതീയവും വംശീയവുമായ അധിക്ഷേപിച്ച അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അഞ്ചാം ദിവസത്തിലേക്ക്. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാഞ്ഞതോടെയാണ് എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യുണിയൻ വ്യാഴാഴ്‌ച സമരം ആരംഭിച്ചത്. ദളിത് വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ച ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ വിജയ രാമദാസ് മണ്ഡലയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിനുമുന്നിലാണ് കുത്തിയിരിപ്പ് സമരം.
നിലവിൽ യുകെയിലെ നോട്ടിങ്ഹാം സർവകലാശാലയിൽ ഗവേഷകനായ പൂർവവിദ്യാർഥിക്കാണ് വിജയ രാമദാസ് ഏപ്രിലിൽ അധിക്ഷേപ ഇമെയിൽ അയച്ചത്. ദളിത് വിഡ്ഢികൾ, മൂന്നാംകിടക്കാർ, ദാരിദ്ര്യംപിടിച്ച മണ്ടന്മാർ, തൊട്ടുകൂടാത്തവർ തുടങ്ങിയ അധിക്ഷേപങ്ങൾ നിറഞ്ഞതായിരുന്നു മെയിൽ. ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും അപമാനിച്ചു. തൊഴിലാളികളെ അപമാനിക്കുന്ന പരാമർശങ്ങളുമുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇനി അക്കാദമിക് സഹായങ്ങൾ നൽകില്ലെന്നും അധ്യാപകൻ പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച വിദ്യാർഥികളെ രാമദാസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ എസ്എഫ്ഐ ഹൈദരാബാദ് സർവകലാശാല യൂണിറ്റ് കമ്മിറ്റിയും യുകെ ഘടകവും പ്രതിഷേധിച്ചിരുന്നു.








0 comments