Deshabhimani

അരവണ പ്ലാന്റ്‌ നിർമാണം 99 ശതമാനം പൂർത്തിയായി

Sabarimala Aravana
avatar
സി ജെ ഹരികുമാർ

Published on Nov 22, 2026, 07:12 PM | 1 min read

ശബരിമല: ശബരിമല അരവണ നിർമാണ പ്ലാന്റിന്റെ അരവണ നിർമാണ ശേഷി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായി. പ്രതിദിന നിർമാണ ശേഷിയായ 3.40 ടിൻ അരവണ വെള്ളിയാഴ്‌ച പ്ലാന്റിൽ നിർമിച്ചു. പരമാവധി ശേഷിയായ മൂന്നരലക്ഷം ടിൻ അരവണ അടുത്ത ദിവസം തന്നെ നിർമിക്കാനാകുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രതീക്ഷിക്കുന്നു. നേരത്തേതിൽനിന്ന്‌ പ്രതിദിന നിർമാണ ശേഷി 85,000 മുതൽ ഒരുലക്ഷം കണ്ടെയ്നർ വരെ വർധിപ്പിക്കാൻ പുതിയ നിർമാണപ്രവൃർത്തികളിലൂടെ സാധിച്ചു.


ഇതോടെ ആകെ അരവണ ശേഖരം 46 ലക്ഷത്തിലധികമായി. പ്രതിദിനം 1.50 ലക്ഷം ടിൻ അരവണ വിൽക്കുന്നതായാണ്‌ പ്രാഥമിക കണക്ക്‌. പരമാവധി ശേഷിയിലേക്ക്‌ പ്ലാന്റ്‌ എത്തിയതോടെ അരവണയ്‌ക്ക്‌ ഒരുതരത്തിലുള്ള ക്ഷാമവും സന്നിധാനത്ത്‌ അനുഭവപ്പെടില്ല. പുതുതായി ആറ്‌ അരവണ പ്രിപ്പറേഷൻ പാൻ ( വാർപ്പ്), രണ്ട് കൂളിങ്‌ ചേമ്പറുകൾ, ഒരു ബോയിലർ എന്നിവയാണ് സ്ഥാപിച്ചത്. നിലവിൽ 32 അരവണ പ്രിപ്പറേഷൻ പാനുകളും ആറ് കൂളിങ്‌ ചേമ്പറുകളും ആറ് ബോയിലറുകളുമാണ് പ്ലാന്റിലുള്ളത്.


നിർമാണം ഏകോപിപ്പിക്കാൻ ദേവസ്വം ബോർഡ്‌ സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജീവനക്കാർ 24 മണിക്കൂറും ജോലിയിൽ ഏർപ്പെട്ടാണ്‌ പരമാവധി ശേഷിയിലേക്ക്‌ എത്തിയത്‌. പ്ലാന്റിലെ അനാവശ്യ നിർമിതികൾ ഒഴിവാക്കിയും പുതിയവ സ്ഥാപിച്ചുമാണ്‌ ശേഷി വർധിപ്പിച്ചത്‌. പുതിയ പ്ലാന്റ്‌ സ്ഥാപിച്ചതോടെ ഫുഡ്‌ സേ-ഫ്‌റ്റി സ്‌റ്റാൻഡേർഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (എഫ്‌എസ്‌എസ്‌എഐ) പൂർണ ലൈസൻസും അരവണ ടിന്നിൽ ലോഗോയും നേടാനാകുമെന്നാണ്‌ ബോർഡിന്റെ പ്രതീക്ഷ. ഇതിനായി എഫ്‌എസ്‌എസ്‌എഐ അധികൃതർ പ്ലാന്റ്‌ സന്ദർശിച്ച്‌ പ്രവർത്തനം വിലയിരുത്തി. അതോറിറ്റി നിർദേശിക്കുന്ന ബഹുഭ‍ൂരിപക്ഷം മാനദണ്ഡങ്ങളും പാലിച്ചതായി സംഘം വിലയിരുത്തി.


അരവണ കാലഹരണപ്പെടുന്ന തീയതി (എക്‌സ്‌പയറി ഡേറ്റ്‌) കൂടി കണ്ടെത്തുന്നതോടെ ടിന്നുകളിൽ എഫ്‌എസ്‌എസ്‌എഐ ലോഗോ സ്ഥാപിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ഇതിനായി അരവണയുടെ എക്‌സ്‌പയറി ഡേറ്റ്‌ കണ്ടെത്താനുള്ള പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്‌ ബോർഡ്‌. ഇത്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ അരവണ ടിന്നുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ഔദ്യോഗിക ലോഗോ ഉൾപ്പെടുത്താനാകും. ഇത്‌ ശബരിമലയുടെ ഖ്യാതി കുറച്ചുകൂടി വർധിപ്പിക്കുമെന്നാണ്‌ ബോർഡിന്റെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home