ഏഴാം ക്ലാസുകാരനെ മർദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ; അടിക്കാൻ ഉത്തരവിട്ടത് സ്കൂൾ ഹെഡ്മാസ്റ്റർ

ഹൈദരാബാദ്: ഹൈദരാബാദിൽ ഏഴാം ക്ലാസുകാരന് പത്താംക്ലാസ് വിദ്യാർഥികളുടെ ക്രൂര മർദനം. ഹൈദരാബാദിലെ കൊമ്പള്ളി ഹൈസ്കൂളിലാണ് അതിക്രമം നടന്നത്. സ്കൂൾ ഹെഡ്മാസ്റ്ററാണ് വിദ്യാർഥികളോട് അടിക്കാൻ ഉത്തരവിട്ടതെന്നാണ് വിവരം. സ്കൂൾ പ്രിൻസിപ്പലും ദിണ്ടിഗൽ മണ്ഡലം വിദ്യാഭ്യാസ ഉദ്യോഗസ്ഥ(എംഇഒ)നുമായ കൃഷ്ണയ്ക്കെതിരെയാണ് ആരോപണം.
കൊമ്പള്ളി ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഫണീന്ദ്ര സൂര്യയ്ക്കാണ് ക്രൂര മർദനമേറ്റത്. സൈക്കിൾ കാണാതായത് സംബന്ധിച്ച തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച, സ്കൂളിലെ അധ്യാപകനനായ മധുവിന്റെ നിർദേശപ്രകാരം സൂര്യ സൈക്കിൾ ഷെഡിൽ സൈക്കിളുകൾ പരിശോധിക്കാൻ പോയിരുന്നു. എന്നാൽ അവിടെ വച്ച് സൂര്യയെ കണ്ട മറ്റൊരു അധ്യാപകനായ ചാരി, സൈക്കിൾ മാറ്റിയത് അവനാണെന്ന് തെറ്റിദ്ധരിച്ച് ഹെഡ്മാസ്റ്ററിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താൻ ഹെഡ്മാസ്റ്റർ തയാറായില്ല. പകരം പത്താംക്ലാസിൽ പഠിക്കുന്ന ഒമ്പത് വിദ്യാർഥികളോട് സൂര്യയെ തല്ലാൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ വടിയുപയോഗിച്ച് സൂര്യയെ ക്രൂരമായി മർദിച്ചു. വൈകിട്ട് വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചു. വേദനകൊണ്ട് പുളഞ്ഞ സൂര്യയെ അച്ഛൻ ശിവരാമകൃഷ്ണൻ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. സൂര്യയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃഷ്ണ, മധു, ചാരി എന്നിവർക്ക് കൃത്യത്തിലുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്.
വിദ്യാർഥികളുടെ ക്ഷേമവും സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുക എന്നതാണ് എംഇഒയുടെ ധർമം. എന്നാൽ ഇവിടെ വിദ്യാർഥിയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിമർശിച്ചു.










0 comments