അനധികൃത കാസിനോയിൽ റെയ്ഡ്; 40 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് ലക്ഷങ്ങൾ

എഐ നിർമിത ചിത്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ അനധികൃത കാസിനോയിൽ നടന്ന പൊലീസ് റെയ്ഡിൽ 40 പേർ അറസ്റ്റിൽ. ഇതിൽ പത്ത് സ്ത്രീകളും ഉൾപ്പെടുന്നു. ഐഡിപിഎൽ പ്രദേശത്തെ നവരംഗ് ഹോട്ടലിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത കാസിനോയിലാണ് റെയ്ഡ് നടന്നത്. വൻതോതിൽ പണവും നിരവധി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന്, സർക്കിൾ ഓഫീസർ നീരജ് സെംവാളിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. സംഭവസ്ഥലത്ത് നിന്ന് 1.35 ലക്ഷം രൂപ, 3,356 കാസിനോ നാണയങ്ങൾ, 26 ഡെക്ക് പ്ലേയിംഗ് കാർഡുകൾ, വിവിധ ബ്രാൻഡുകളുടെ മദ്യക്കുപ്പികൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഹോട്ടൽ സീൽ ചെയ്തു.
എല്ലാ പ്രതികൾക്കെതിരെയും ചൂതാട്ട നിയമത്തിലെ 3, 4, 5 വകുപ്പുകൾ, എക്സൈസ് ആക്ടിലെ 60, 68 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ ഒമ്പത് പേർ ഡൽഹി സ്വദേശികളാണ്. ഇതിൽ എഴ് പേർ സ്ത്രീകളാണ്. മറ്റ് പ്രതികളിൽ ഭൂരിഭാഗവും ഋഷികേശ് സ്വദേശികളാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും അനാസ്ഥ കാണിച്ചതിനും 12 പോലീസ് ഉദ്യോഗസ്ഥരെ ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് (SSP) പ്രമേന്ദ്ര സിംഗ് ദോഭാൽ ഉടനടി പ്രാബല്യത്തോടെ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനിലായവരിൽ ഐഡിപിഎൽ (IDPL) പോലീസ് പോസ്റ്റ് ഇൻ-ചാർജ് വിനയ് ശർമ്മയും ഉൾപ്പെടുന്നു.
സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.










0 comments