മഹാരാഷ്ട്രയിലെ വിരാറിൽ അനധികൃത കെട്ടിടം തകർന്നു; 12 മരണം: കെട്ടിട ഉടമ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയി അനധികൃതമായി നിർമ്മിച്ച നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗം തൊട്ടടുത്തുള്ള വാടക വീടിന് മുകളിൽ തകർന്ന് വീണ് അമ്മയും മകളും ഉൾപ്പെടെ 12 പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാൽഘർ ജില്ലയിലെ വിരാറിലാണ് അപകടം.
മരിച്ച പന്ത്രണ്ടുപേരിൽ ഇതുവരെ ഏഴുപേരെ തിരിച്ചറിഞ്ഞു. അരോഹി ഓംകാർ ജോവിൽ (24), ഒരു വയസുള്ള മകൾ ഉത്കർഷ ജോവിൽ, ലക്ഷ്മൺ കിസ്കു സിംഗ് (26), ദിനേഷ് പ്രകാശ് സപ്കാൽ (43), സുപ്രിയ നിവൽക്കർ (38), അർണവ് നിവൽക്കർ (11), പാർവതി സപ്കൽ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാർട്ട്മെന്റിന്റെ പിൻഭാഗം തകർന്നുവീണത്. അപകടം നടന്ന് മണിക്കൂറുകളായിട്ടും തകർന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് കണ്ടെടുത്തത്. മറ്റ് ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കിടെ മരിച്ചു.
പരിക്കേറ്റ ആറ് പേരെ പ്രദേശത്തെ വിവിധ ആശുപത്രികളിലും മുംബൈയിലെ നളസൊപ്പാറയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) പറഞ്ഞു. മറ്റു മൂന്നുപേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. വിവിഎംസി പരാതി നൽകിയതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ ഇന്ദു റാണി ജഖാർ പറഞ്ഞു. മുൻകരുതൽ നടപടിയായി, കെട്ടിടത്തിന് ചുറ്റുമുള്ള എല്ലാ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 2012 ൽ നിർമ്മിച്ച രമാഭായ് അപ്പാർട്ട്മെന്റിൽ 50 ഫ്ലാറ്റുകളുണ്ടെന്നും തകർന്ന ഭാഗത്ത് 12 അപ്പാർട്ടുമെന്റുകളുണ്ടെന്നും പാൽഘറിലെ ജില്ലാ ദുരന്ത നിവാരണ ഓഫീസർ വിവേകാനന്ദ് കദം പറഞ്ഞു.










0 comments