കർഷകപോരാട്ടങ്ങളുടെ മണ്ണിൽ ചെങ്കൊടിയേന്തി ആയിരങ്ങൾ; അഖിലേന്ത്യാ കിസാൻസഭ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

കിസാൻ സഭയുടെ 36ത് അഖിലേന്ത്യ സമ്മേളനത്തിന് തുടക്കം കുറിച്ചു നൽഗൊണ്ട മറിഗുടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നു
നൽഗൊണ്ട: അഖിലേന്ത്യാ കിസാൻസഭയുടെ (എഐകെഎസ്) 36–ാം സമ്മേളനത്തിന് തെലങ്കാനയിലെ നൽഗൊണ്ടയിൽ തുടക്കമായി. ഞായറാഴ്ച മറിഗുഡം ജങ്ഷനിൽനിന്ന് ആരംഭിച്ച കർഷക റാലിയോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. ചെങ്കൊടികളേന്തിയ കർഷകരും കർഷകത്തൊഴിലാളികളും വനിതകളും യുവജനങ്ങളും അണിനിരന്ന പ്രകടനം നൽഗൊണ്ട നഗരത്തെ ആവേശത്തിലാഴ്ത്തി. തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ കർഷകപോരാട്ടങ്ങളുടെ മണ്ണിൽ നടക്കുന്ന സമ്മേളനം 18 വരെ തുടരും. കർഷകവിരുദ്ധ നയങ്ങൾക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് പുതിയ ദിശ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടക്കുന്നത്.
മറിഗുഡം ബൈപാസിൽനിന്ന് എൻജി കോളേജ് മൈതാനത്തേക്കാണ് പ്രകടനം സംഘടിപ്പിച്ചത്. റെഡ് വളന്റിയർമാരുടെ മാർച്ചും കർഷകരുടെ പ്രകടനവും സമ്മേളനത്തിന്റെ ആദ്യദിന പരിപാടികളുടെ ഭാഗമാണ്. എൻജി കോളേജ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
കാർഷികമേഖലയിലെ കോർപറേറ്റ് ആധിപത്യത്തിനും കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കുമെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങളും കർഷകർക്ക് മതിയായ സാമൂഹ്യസുരക്ഷ ഉറപ്പാക്കാത്തതും കാർഷിക പ്രതിസന്ധി രൂക്ഷമാക്കുന്നതായി കിസാൻസഭ പറഞ്ഞു.
കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവിലയും അതിന് നിയമപരമായ ഉറപ്പും ലഭ്യമാക്കുക, കർഷകരുടെ കടബാധ്യതയ്ക്ക് പരിഹാരം കാണുക, വിള ഇൻഷുറൻസ് വ്യാപിപ്പിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ, കർഷകരുടെ ഭൂമിയുടെയും ജീവനോപാധികളുടെയും സംരക്ഷണം, വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും മൂലമുള്ള കാർഷികനഷ്ടങ്ങൾ എന്നിവയും ചർച്ച ചെയ്യും.
അമേരിക്ക, ബ്രിട്ടൻ, ന്യൂസിലൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകൾ ഇന്ത്യൻ കാർഷികമേഖലയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. വികസിത രാജ്യങ്ങളിലെ കർഷകർക്ക് വലിയ തോതിൽ സർക്കാർ സബ്സിഡി ലഭിക്കുമ്പോൾ പരിമിതമായ പിന്തുണ മാത്രം ലഭിക്കുന്ന ഇന്ത്യൻ കർഷകരെ വിദേശ കാർഷികോൽപ്പന്നങ്ങളുമായി നേരിട്ടുള്ള മത്സരത്തിലേക്ക് തള്ളിവിടുന്നത് അവരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രപ്രസിദ്ധമായ തെലങ്കാന സായുധ കർഷകസമരത്തിന്റെ കേന്ദ്രങ്ങളിലൊന്നായ നൽഗൊണ്ടയിൽ സമ്മേളനം സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ കർഷകർ നടത്തിയ പോരാട്ടങ്ങളുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ കാലത്തെ കാർഷിക പ്രതിസന്ധിക്കെതിരെ ഐക്യപ്രക്ഷോഭം ശക്തിപ്പെടുത്താനാണ് കിസാൻസഭ ലക്ഷ്യമിടുന്നത്. നവംബർ 15 ബിർസ മുണ്ട ദിനം സമ്മേളനത്തിന്റെ പതാകദിനമായി ആചരിക്കാനും രാജ്യവ്യാപകമായി കർഷകപ്രക്ഷോഭങ്ങളുടെ സന്ദേശം എത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ പതാക ഉയർത്തുന്നതോടെ ദേശീയ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ കാർഷികമേഖല നേരിടുന്ന വെല്ലുവിളികളും ഭാവി പ്രക്ഷോഭപരിപാടികളും ചർച്ച ചെയ്യും. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യവ്യാപക ഐക്യപോരാട്ടങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾക്ക് സമ്മേളനം വേദിയാകും.








0 comments