കുടിവെള്ളമില്ലാതെ ഐഐടി ജോധ്പൂർ; വാട്ടർ ടാങ്കറിന് പിന്നാലെയോടി വിദ്യാർഥികൾ

വീഡിയോ സ്ക്രീൻഷോട്ട്
ജയ്പൂർ: രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ജോധ്പൂരിൽ കടുത്ത കുടിവെള്ളക്ഷാമം. കുടിവെള്ളത്തിനായി വിദ്യാർഥികൾ വാട്ടർ ടാങ്കറിന് പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാർഥികൾ അടിസ്ഥാന ആവശ്യങ്ങൾക്കായി തെരുവിൽ നെട്ടോട്ടമോടേണ്ടി വരുന്നത് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ദയനീയമായ ഭരണപരാജയമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
കേന്ദ്ര സ്ഥാപനമായിട്ടും ഐഐടി കാമ്പസിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണെന്ന് ഐഐടി ജോധ്പൂർ ഡയറക്ടർ അവിനാശ് കുമാർ അഗർവാൾ സമ്മതിച്ചു. രാജ്യത്ത് സ്ഥിരമായി ശുദ്ധജല വിതരണം നടക്കാത്ത ഏക കേന്ദ്ര സ്ഥാപനമായി ഐഐടി ജോധ്പൂർ മാറിയെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങളിൽ തടസ്സമില്ലാതെ വെള്ളമെത്തുമ്പോൾ ഐഐടിയെ മാത്രം അവഗണിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
പമ്പിംഗ് സ്റ്റേഷനിൽ നിന്ന് കാമ്പസ് സ്വന്തം നിലയിലാണ് നിലവിൽ ജലവിതരണം ക്രമീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ കാരണം പമ്പിംഗ് സ്റ്റേഷനിലെ യന്ത്രം തകരാറിലായതോടെ ജലവിതരണം പൂർണ്ണമായും നിലച്ചു. യന്ത്രം നന്നാക്കാൻ മുപ്പത് മണിക്കൂറോളം വേണ്ടിവന്നതോടെ കാമ്പസ് കടുത്ത പ്രതിസന്ധിയിലായി. ഇതോടെ ബദൽ സംവിധാനമായി സുർപുര ഗ്രാമത്തിൽ നിന്നാണ് ടാങ്കറിൽ വെള്ളമെത്തിച്ചത്.
സ്ഥിരമായ ജലവിതരണം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഡയറക്ടർ പറഞ്ഞു. കാമ്പസിലേക്ക് നേരിട്ട് പൈപ്പ്‌ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ബിജെപി സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും പരാതിയുണ്ട്.










0 comments