ad
Deshabhimani

ഐഐടി ബോംബെയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ക്യാമ്പസിൽ പ്രതിഷേധം

sahil iit bombay

സഹിൽ വാക്കോഡെ

വെബ് ഡെസ്ക്

Published on Sep 19, 2026, 09:44 AM | 1 min read

മുംബൈ: ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥി വെള്ളിയാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തു. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയ സഹിൽ വാക്കോഡെയെന്ന വിദ്യാർഥിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.


എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായ സഹിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ തേടിയതായി ഐഐടി അറിയിച്ചു.


സംഭവത്തിൽ അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നും അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിച്ച് കൗൺസലിങ് നൽകിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സംഭവത്തിന്റെ പേരിൽ അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്നും ഉറപ്പുനൽകിയിരുന്നു.


എന്നാൽ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ ക്യാമ്പസിൽ പ്രതിഷേധവുമായി സഹപാഠികൾ രംഗത്തെത്തി. അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും മരണത്തിന് കാരണമായിരിക്കാമെന്ന് ചില വിദ്യാർഥികൾ ആരോപിച്ചു.


ഒരു വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നും ഹോസ്റ്റൽ ഒഴിയേണ്ടിവരുമെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ആരോപണവും ഉയർന്നു. ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.


സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് വിദ്യാർഥികൾ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ക്യാമ്പസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home