എംഡിഎംഎ കേസ്: കോൺഗ്രസ് നേതാവിനെ വൈദ്യപരിശോധന നടത്തിയില്ല; രക്ഷിക്കാൻ പൊലീസ് നീക്കം

സനീഷ് ജോർജ്
തൊടുപുഴ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടിയിലായ കോൺഗ്രസ് നേതാവ് സനീഷ് ജോർജിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കാതെ പൊലീസ് സഹായിച്ചതായി ആക്ഷേപം. തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐഎൻടിയുസി തൊടുപുഴ റീജണൽ ചെയർമാനുമായ സനീഷ് ജോർജിനെ വ്യാഴാഴ്‌ചയാണ് കാളിയാർ പൊലീസ് ഏഴല്ലൂർ ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപത്തുനിന്ന് സുഹൃത്ത് വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പം പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽനിന്ന് എംഡിഎംഎ കവറും വലിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഫ്യുമറും സഹിതമാണ് പിടികൂടിയത്.
എന്നാൽ 2000രൂപ പിഴയിട്ട് സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. വൈദ്യ പരിശോധന നടത്താൻ പൊലീസ് തയ്യാറായില്ല. ഇയാളെ സഹായിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാള പിടികൂടാൻ നാലഞ്ചുതവണ ശ്രമം നടത്തിയിട്ടുള്ളതായി കാളിയാർ എസ്‌ഐ പറഞ്ഞു.
എംഡിഎംഎ ഉപയോഗിച്ചതിനാണ് കേസ് എടുത്തിട്ടുള്ളതെന്നും പരിശോധന നടത്തിയിട്ടില്ലെന്നും തൊടുപുഴ ഡിവൈഎസ്‌പി പറഞ്ഞു. താൻ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും മനപൂർവം അപമാനിക്കാൻ ചില പൊലീസുകാർ കെട്ടിച്ചമച്ചതാണ് സംഭവമെന്നും സനീഷ് ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്റെ മുഖത്ത് കാളിയാർപൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചെന്നും സനീഷ് പറഞ്ഞു. ലഹരി വിൽപനക്കാരുമായിബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇത്തരക്കാരുമായി ബന്ധമുണ്ടെന്നായിരുന്നു മറുപടി.
യുഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനിടയിൽ പിടിയിലാകുന്ന കോൺഗ്രസ് നേതാക്കളെ രക്ഷിക്കുന്ന നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്









0 comments