25 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി 3 പേർ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

photo credit: Mumbai Customs-III X
മുംബൈ : 25 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി 3 പേരെ മുംബൈ വിമാനത്താവളത്തിൽ നിന്നും പിടികൂടി. ഹൈഡ്രോപോണിക് വീഡുമായി (Hydroponic weed ) തായ്ലൻഡിൽ നിന്നെത്തിയവരെയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇവരിൽ നിന്ന് 24.96 കിലോ ലഹരി വസ്തുക്കൾ കണ്ടെത്തി. രണ്ട് യാത്രക്കാരും ചരക്ക് സ്വീകരിക്കാനായി പുറത്ത് കാത്തുനിന്ന ഇടനിലക്കാരനുമാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ബാങ്കോക്കിൽ നിന്ന് വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് (സോൺ III) ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോൾ, വാക്വം സീൽ ചെയ്ത പാക്കേജുകളിൽ ഒളിപ്പിച്ച നിലയിൽ ഹൈഡ്രോപോണിക് വീഡ് കണ്ടെടുത്തു. ആകെ 24.96 കിലോഗ്രാം ഹൈഡ്രോപോണിക് വീഡ് പിടിച്ചെടുത്തു. അനധികൃത വിപണിയിൽ ഇതിന് 24.66 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിന് പുറത്ത് മറ്റൊരാൾ കാത്തുനിൽക്കുന്നുണ്ടെന്ന് മനസ്സിലായത്. പിന്നീട് അയാളെയും പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന്, മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും എൻഡിപിഎസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന് കള്ളക്കടത്തിൽ പങ്കുണ്ടെന്ന് സൂചന ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണില്ലാതെ കൃഷി ചെയ്യുന്ന കഞ്ചാവ് രൂപമാണ് ഹൈഡ്രോപോണിക് വീഡ്.
0 comments