സ്ത്രീധന പീഡനം; ഹൈദരാബാദിൽ ടെക്കി ജീവനൊടുക്കി

നീരജ് ബൻസാൽ, ഇഷിത യാദവ്
ഹൈദരാബാദ്: ഹൈദരാബാദിൽ സ്ത്രീധന പീഡനത്തെതുടർന്ന് നവവധുവായ ടെക്കി ജീവനൊടുക്കി. ബിഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരം സൈബരാബാദിലെ സ്വന്തം അപ്പാർട്ട്‌മെന്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇഷിതയെ കണ്ടെത്തിയത്. ഭർത്താവ് നീരജ് ബൻസാൽ ആണ് വിവരം പുറത്തറിയിച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു ഇരുവരും.
നീരജ് ബൻസാലും ഇഷിതയും 2020ൽ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് പട്‌നയിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. മധ്യപ്രദേശ് സ്വദേശിയായ നീരജും ഇഷിതയും സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹശേഷം ഇവർ ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.
വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിനായി നീരജ് ഇഷിതയെ നിരന്തരം ഉപദ്രവിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. നീരജ് പുതുതായി തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ വലിയ തുക നിക്ഷേപിക്കണമെന്ന് ഇഷിതയോട് ആവശ്യപ്പെട്ടിരുന്നതായും കുടുംബം പരാതിപ്പെട്ടു. ഇഷിതയുടെ കുടുംബത്തിന്റെ പരാതിയിൽ മിയാപൂർ പൊലീസ് കേസെടുക്കുകയും നീരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments