ഹൈദരാബാദ് മെട്രോയിൽ 20 ട്രാൻസ്ജെൻഡർ ജീവനക്കാർ

ഹൈദരാബാദ്: തങ്ങളുടെ മുൻനിര സുരക്ഷാ സേവനങ്ങളിലേക്ക് 20 ട്രാൻസ്ജെൻഡർ ജീവനക്കാരെ ഉൾപ്പെടുത്തി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. സാമൂഹിക ശാക്തീകരണത്തിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വലിയ ചുവടുവെയ്പ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ഇൻഡക്ഷൻ സുരക്ഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ പുതിയ ജീവനക്കാർ തിങ്കളാഴ്ച മുതൽ തിരഞ്ഞെടുക്കപ്പെട്ട മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഡ്യൂട്ടിയിൽ പ്രവേശിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ നിയമനം മെട്രോ സംവിധാനത്തെ സഹായിക്കും. തെലങ്കാന സർക്കാരിന്റെ പിന്നാക്ക വിഭാഗങ്ങളോടുള്ള തുല്യ അവസരമെന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പുതിയ സംരംഭം.
പുതിയതായി നിയമിക്കപ്പെട്ട ട്രാൻസ്ജെൻഡർ ജീവനക്കാർ യാത്രക്കാരുടെ സുരക്ഷയിലും ക്ഷേമത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തും. ജനറൽ ഏരിയകളിലും സ്ത്രീകൾക്ക് മാത്രമുള്ള കോച്ചുകളിലും സുരക്ഷാ നടപടികൾ ശക്തമാക്കാൻ ഇവർ സഹായിക്കും. യാത്രക്കാർക്ക് ദിശാസൂചനകൾ, വിവരങ്ങൾ, ബാഗേജ് സ്കാനർ സഹായം എന്നിവ നൽകുന്നതിലും സ്റ്റേഷൻ പരിസരത്ത് സുരക്ഷ ഉറപ്പാക്കുന്നതിലും ഇവർക്ക് പ്രധാന പങ്കുണ്ടാകും. ട്രാൻസ്ജെൻഡർ ജീവനക്കാരുടെ സാന്നിദ്ധ്യം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രത്യേകിച്ചും വനിതാ യാത്രക്കാർക്ക് ആത്മവിശ്വാസം നൽകാനും ഹൈദരാബാദ് മെട്രോ ലക്ഷ്യമിടുന്നു. ഹൈദരാബാദ് മെട്രോയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും, ഇൻക്ലൂസീവ് സമൂഹത്തിനായുള്ള തെലങ്കാന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ പ്രഖ്യാപനമാണിതെന്നും എച്ച്എംആർഎൽ മാനേജിംഗ് ഡയറക്ടർ സർഫറാസ് അഹമ്മദ് അഭിപ്രായപ്പെട്ടു.







0 comments