അഭിഭാഷകൻ കാറിടിച്ചു മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് സംശയം, വഖഫ് ഭൂമി തർക്കമെന്ന് കുടുംബം

ഹൈദരാബാദ്: ഹൈദരാബാദിൽ വീടിന് പുറത്തുനിൽക്കുകയായിരുന്ന മുതിർന്ന അഭിഭാഷകൻ സ്കോർപിയോ കാറിടിച്ചു മരിച്ചു. മാസബ് ടാങ്ക് സ്വദേശിയായ ഖാജ മൊയ്‌സുദ്ദീൻ (63) ആണ് മരിച്ചത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
തന്റെ ഇന്നോവ കാറിനുള്ളിലേക്ക് ബാഗ് വെച്ച ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങിയ മൊയ്‌സുദ്ദീനെ പുറകിൽ നിന്നെത്തിയ പച്ച നിറത്തിലുള്ള മഹിന്ദ്ര സ്കോർപിയോ കാർ മനഃപൂർവ്വം പാത മാറ്റി വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 15-20 അടി ദൂരേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ മഹാവീർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വർഷങ്ങളായി നിലനിൽക്കുന്ന വഖഫ് ഭൂമി കൈയേറ്റ കേസുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് മൊയ്‌സുദ്ദീന്റെ കുടുംബം ആരോപിച്ചു. വഖഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനും സ്വകാര്യവത്കരിക്കുന്നതിനുമെതിരെ മൊയ്‌സുദ്ദീൻ നിരവധി കേസുകൾ നടത്തിവരികയായിരുന്നുവെന്ന് മകനും അഭിഭാഷകനുമായ മുഹമ്മദ് ഫർഹാൻ പറഞ്ഞു. മുൻപും ഈ കേസുകളുടെ പേരിൽ പിതാവിന് നേരെ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും, സംഭവത്തിൽ രണ്ട് പേർക്ക് കൃത്യമായ പങ്കുണ്ടെന്നും ഫർഹാൻ ആരോപിച്ചു.
സംഭവത്തിൽ ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെയും വാഹനം കണ്ടെത്തുന്നതിനുമായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സുപ്രധാനമായ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർക്ക് സംരക്ഷണം നൽകണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഹൈദരാബാദിലെ അഭിഭാഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.










0 comments