യാത്രയ്ക്കിടെ ഭാര്യാമാതാവിനെ ഹെൽമറ്റുകൊണ്ട് അടിച്ചുകൊന്നു; അപസ്മാരമെന്ന് മൊഴി നൽകി മരുമകൻ, ഒടുവില്‍ പിടിയില്‍

സിസിടിവി ദൃശ്യങ്ങളിൽ നിന്നും
ഹൈദരാബാദ്: യാത്രയ്ക്കിടെ ഭാര്യാമാതാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ മേടിപ്പള്ളിയിലാണ് സംഭവം. കെ അരുണ (39) കൊല്ലപ്പെട്ട കേസിൽ മകളുടെ ഭർത്താവ് കെ സ്നേഹിത് (28) ആണ് അറസ്റ്റിലായത്. ബൈക്കിൽ നിന്ന് വീണ് മരണം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ സ്നേഹിത് ശ്രമിച്ചെങ്കിലും ഭാര്യ കാവ്യ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ വർഷമാണ് സ്നേഹിതും കാവ്യയും വിവാഹിതരായത്. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളെ ചൊല്ലി സ്നേഹിത് ഭാര്യാമാതാവുമായി നിരന്തരം തർക്കിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 29ന് ഭക്ഷണം വാങ്ങാനായി അരുണയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയ പ്രതി, യാത്രയ്ക്കിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ ബാലൻസ് തെറ്റി ബൈക്കിൽ നിന്ന് വീണ അരുണയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അരുണയ്ക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായെന്നും ബൈക്കിൽ നിന്ന് വീണതാണെന്നുമാണ് സ്നേഹിത് ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 30ന് അരുണ മരിച്ചു. എന്നാൽ ഭർത്താവിന്റെ വാക്കുകളിൽ സംശയം തോന്നിയ കാവ്യ അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്നേഹിത് അമ്മയെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ കാവ്യ പൊലീസിൽ പരാതി നൽകി. മെയ് ഒന്നിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.










0 comments