ad
Deshabhimani

ഹൈദരാബാദിൽ സിഎൻജി ക്ഷാമം രൂക്ഷം; സെൽ ടവറിൽ കയറി ആട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം

CNG Crisis.jpg
വെബ് ഡെസ്ക്

Published on Mar 30, 2026, 06:23 PM | 1 min read

ഹൈദരാബാദ്: രാജ്യതലസ്ഥാനത്തിന് പിന്നാലെ ഹൈദരാബാദിലും ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. സിഎൻജി, എൽപിജി ക്ഷാമത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ ആട്ടോറിക്ഷാ ഡ്രൈവർമാർ ആത്മഹത്യാപരമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഞായറാഴ്ച രാത്രി ശിവരാംപള്ളി ജാഗീറിലെ പിവിഎൻആർ എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള സെൽ ടവറിൽ മൂന്ന് ആട്ടോ ഡ്രൈവർമാർ കയറി പ്രതിഷേധിച്ചത് വലിയ പരിഭ്രാന്തി പരത്തി.


മണിക്കൂറുകളോളം ഇന്ധനത്തിനായി ക്യൂ നിന്നിട്ടും സിഎൻജി ലഭിക്കാത്തതിനെത്തുടർന്നാണ് ഡ്രൈവർമാർ പ്രതിഷേധം ആരംഭിച്ചത്. റോഡ് ഉപരോധിച്ചതിന് പിന്നാലെയായിരുന്നു സെൽ ടവർ കയറിയുള്ള പ്രതിഷേധം. വിവരം അറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ താഴെയിറക്കി കസ്റ്റഡിയിലെടുത്തു.


ഇന്ധനക്ഷാമം തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും കുടുംബങ്ങൾ പട്ടിണിയിലാണെന്നും ഡ്രൈവർമാർ ആരോപിച്ചു. നഗരത്തിലെ ഒട്ടുമിക്ക ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളിലും ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ നീളത്തിലാണ് വാഹനങ്ങളുടെ നിര. പല പമ്പുകളിലും സിഎൻജി സ്റ്റോക്ക് തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.


10 മണിക്കൂർ വരെ കാത്തുനിന്നിട്ടും ഇന്ധനം ലഭിക്കാതെ ഡ്രൈവർമാർ മടങ്ങേണ്ടി വരുന്നു. ഇന്ധനത്തിന് ക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് തെലങ്കാന സിവിൽ സപ്ലൈസ് വിഭാഗം പറയുന്നത്. എന്നാൽ പ്രായോഗികമായി പമ്പുകളിൽ ഇന്ധനം ലഭ്യമല്ലെന്ന് ആട്ടോ-ക്യാബ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. യുദ്ധസാഹചര്യം ഇന്ധന വിലയെയും ലഭ്യതയെയും ബാധിക്കുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ആട്ടോ ഡ്രൈവർമാരുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home